മ
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കണ്ണൂർ, വയനാട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പായ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലും തിങ്കളാഴ്ച റെഡ് അലർട്ട് ആണ്.
കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്ക് ചൊവാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാർക്ക് അവധി ബാധകമല്ല.
വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മേയ് 27 ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.
കോട്ടയത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രഫഷനൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് കലക്ടർ ജോൺ വി.സാമുവൽ. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.


