തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ (Kerala rains) തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വ്യാപകമായ മഴ രാത്രിയിലും തുടർന്നേക്കും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് (orange alert) തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.
നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ് (Yellow alert) . നാളെയോടെ മഴയുടെ ശക്തി കുറയും. അറബിക്കടലിലെ ചക്രവാതച്ചുഴിയും, അനുബന്ധ ന്യൂനമർദ്ദപാതിയുമാണ് നിലവിൽ മഴ കിട്ടാൻ കാരണം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വ്യാഴാഴ്ചയോടെ തമിഴ്നാട് ആന്ധ്രാ തീരത്ത് പ്രവേശിക്കും. ബുധനാഴ്ചയോടെ അറബികടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടും. രണ്ട് ന്യൂനമർദ്ദവും കേരളത്തെ കാര്യമായി ബാധിക്കാൻ സാധ്യത ഇല്ലെന്നാണ് നിലവിലെ നിഗമനം.
കുട്ടനാട്ടിലെയും (Kuttanad) അപ്പർകുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിൽ മാത്രം 5168 ഹെക്ടർ കൃഷി നശിച്ചു എന്നാണ് പ്രാഥമിക കണക്ക്. കേന്ദ്ര സഹായം തേടുമെന്ന് കൃഷി മന്ത്രി പി പ്രസാദ് (P Prasad) പറഞ്ഞു. ജില്ലയിൽ 34 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
മഴയും ശേഷമുണ്ടാകുന്ന പരിഹാരമില്ലാത്ത വെള്ളക്കെട്ടും വലിയ പ്രതിസന്ധിയാണ് കുട്ടനാട്ടിൽ ഉണ്ടാക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ മിക്ക വീടുകളും വെള്ളത്തിലാണ്. കൃഷി പലയിടത്തും നശിച്ചു. വീടുകളിൽ കിടക്കാൻ ആവാത്തതിനാൽ പലരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോവുകയാണ്. ആകെ 34 ക്യാമ്പുകളിലായി 980 പേരാണ് ഉള്ളത്. അപ്പർ കുട്ടനാട്ടിലെ കൈനഗിരി പള്ളാത്തുരുത്തി നെടുമുടി കാവാലം നീരേറ്റുപുറം കിടങ്ങറ, തലവടി വേഴപ്രയടക്കമുള്ള മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറി കിടക്കുകയാണ്. ഇവിടങ്ങളിലും കൃഷിനാശമുണ്ടായി പ്രദേശങ്ങളും കൃഷി മന്ത്രി സന്ദർശിച്ചു.
കുട്ടനാട് താലൂക്കിന് പുറമേ മാവേലിക്കര ചെങ്ങന്നൂർ താലൂക്കുകളിലും ജാഗ്രതാ മുന്നറിയിപ്പുണ്ട്. ഇവിടെ 26 ക്യാമ്പുകളിലായി 696 പേരാണ് ഉള്ളത്. കിഴക്കൻ വെള്ളത്തിൻ്റെ വരവ് ഈ രാത്രിയോടെ കുറയുമെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിവരം.അങ്ങനെയെങ്കിൽ നാളെ രാവിലെ മുതൽ വെള്ളം പതിയെ ഇറങ്ങി തുടങ്ങും.
കല്ലടയാറ്റിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് വെള്ളത്തിലായി കൊല്ലം മൺറോ തുരുത്ത് ദ്വീപ് (Monroe Island). അഞ്ഞൂറിലേറെ വീടുകളിലാണ് മൺറോതുരുത്തിൽ വെള്ളം കയറിയത്.കഴിഞ്ഞ രാത്രി ചെയ്ത മഴയ്ക്കൊപ്പം പരപ്പാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുക കൂടി ചെയ്തതോടെയാണ് മൺറോതുരുത്തിൽ വെള്ളം കയറിയത്. കല്ലടയാറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ ദ്വീപിൽ വെള്ളം കയറാറുണ്ടെങ്കിലും ഇക്കുറി ജലനിരപ്പിൽ വലിയ വർധനയുണ്ടായെന്ന് നാട്ടുകാർ പറയുന്നു. ജങ്കാർ സർവീസ് നിലച്ചതോടെ ജലമാർഗം മാത്രമെത്താവുന്ന ദ്വീപിലെ പല സ്ഥലങ്ങളും ഒറ്റപെട്ടു. ഉയർന്ന പ്രദേശങ്ങളിലെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും നാട്ടുകാർ മാറി.
കൊല്ലം നഗരത്തോട് ചേർന്ന് കിടക്കുന്ന സെന്റ് തോമസ് ദ്വീപിലും അറുപതിലേറെ വീടുകളിൽ വെള്ളം കയറി. മൺറോ തുരുത്ത് റെയിൽവെ സ്റ്റേഷൻ പരിസരത്തും വെള്ളം കയറിയെങ്കിലും ട്രയിൻ ഗതാഗതത്തെ ഇതുവരെ ബാധിച്ചിട്ടില്ല. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉൾപ്പെടെ മഴയുടെ ശക്തി കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായി.
കനത്തമഴയിൽ തിരുവനന്തപുരത്ത് നാലുവയസ്സുകാരിയും ആദിവാസി യുവാവും മരിച്ചു. വെഞ്ഞാറമൂട് പ്ലാക്കീഴാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നെയ്യാറ്റിൻകരയിൽ ഒഴുക്കിൽപ്പെട്ട് 52 കാരിയെ കാണാതായി. നാഗർകോവിൽ റെയിൽവെ ട്രാക്കിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു.
തുടർച്ചയായ മൂന്നാം ദിവസവും തിരുവനന്തപുരത്ത് മഴ ദുരിതം വിതക്കുകയാണ്. വെമ്പായത്താണ് നാലുവയസ്സുകാരി കാൽവഴുതി കിണറ്റിൽ വീണുമരിച്ചത്. വെമ്പായം തലേക്കുന്ന കമുകിൻ കുഴത്തടത്തരികത്ത് വിഷ്ണു-പ്രിയങ്ക ദമ്പതികളുടം മകളായ കൃഷ്ണപ്രിയ ആണ് മരിച്ചത്. അയൽ വീട്ടിൽ നിന്നും കളിച്ച് മടങ്ങുന്നതിനിടെയാണ് വെള്ളം നിറഞ്ഞുകിടന്ന ആൾമറയില്ലാത്ത കിണറ്റിൽ വീണത്. കോട്ടൂർ ചേനാംപാറ ആദിവാസി സെറ്റിൽമെൻറിൽ രാജേന്ദ്രൻ കാണിയുടെ മകൻ രതീഷാണ് ഒഴുക്കിൽപെട്ട് മരിച്ചത്. പേപ്പാറ ഡാമിൻറ മറുകരയിലെ കാവിയാറ്റിൻപുറത്ത് വെ്ചാണ് കാണാതാകുകയായിരുന്നു. പൂവാർ കഞ്ചാംപഴിഞ്ഞി സ്വദേശി ഓമനയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചെക് പോസ്റ്റ് ജീവനക്കാരിയാണ്.
വെഞ്ഞാറമുട് പ്ലാക്കീഴ് ആറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറത്തെ പീറ്ററിൻറെ വീട് മണ്ണിടിഞ്ഞ് തകർന്നു. അയൽവാസി താഴെ നിന്നും മണ്ണെടുത്തതോടെ ഉയരത്തിലായ പീറ്ററിൻറെ വീടിൻറെ ഒരു ഭാഗം കനത്ത മഴയിൽ ഇടിഞ്ഞുവീഴുകയായിരുന്നു. അപകട സമയത്ത് പീറ്ററും കുടുംബവും വീട്ടിലുണ്ടായിരന്നു. ശബ്ദം കേട്ട ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. സമീപത്തെ നിരവധി വീടുകൾ ഭീഷണയിലാണ്.
കിളിമാനൂർ- തട്ടത്തുമലയിൽ നാല്പതടിയോളം ഉയരമുള്ള കുന്നിടിഞ്ഞു ഗതാഗതം രാവിലെ ഭാഗികമായി തടസ്സപ്പെട്ടു. നെയ്യാറ്റിൻകരക്കും നാഗർകോവിലിനും ഇടയിൽ റെയിൽവെ ട്രാക്കിൽൽ വീണ മണ്ണ നീക്കുന്നതിനിടെ വീണ്ടും മണിടിഞ്ഞു.കുഴിത്തുറയിൽ പാളത്തിൽ ഇപ്പോഴും വെള്ളമാണ്. അതിനിടെ നെയ്യാറ്റിൻകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രാവിലെ ഒൻപത് മണിക്ക് കലക്ടർ അവധി പ്രഖ്യാപിച്ചത് വിവാദമായി. ഈ സമയം കുട്ടികൾ സ്കൂളിലെത്തിയിരുന്നു.അവധി വൈകിപ്രഖ്യാപിച്ചത് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (നവംബർ 16) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേതാണെന്നും പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച്ച (2021 നവംബർ 16) അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.