FeaturedHome-bannerKeralaNews

പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികൾ മുങ്ങിമരിച്ചു

പറവൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. പറവൂരിലെ മുസിരിസ് പൈതൃക ബോട്ട് ജെട്ടിയും ചന്തയും പ്രവര്‍ത്തിക്കുന്ന തട്ടുകടവ് പുഴയില്‍ പാലത്തിനു സമീപം ശനിയാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

ചെറിയപല്ലംതുരുത്ത് മരോട്ടിക്കല്‍ ബിജുവിന്റെയും കവിതയുടെയും മകള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ശ്രീവേദ, കവിതയുടെ സഹോദര പുത്രന്‍ മന്നം തളിയിലംപാടം വീട്ടില്‍ ബിനു-നിത ദമ്പതികളുടെ മകന്‍ അഭിനവ് (കണ്ണന്‍-13), കവിതയുടെ സഹോദരി ഇരിങ്ങാലക്കുട പൊറുത്തശേരി കടുങ്ങാടന്‍ വീട്ടില്‍ വിനിത-രാജേഷ് ദമ്പതികളുടെ മകന്‍ ശ്രീരാഗ് (13) എന്നിവരാണ് പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.

പറവൂര്‍ നഗരസഭയും ചിറ്റാറ്റുകര പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന തട്ടുകടവ് പുഴയില്‍ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ സൈക്കിളില്‍ പുഴയോരത്ത് എത്തിയത്. കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലൊടുവിലാണ് മുങ്ങിമരിച്ചതായി സംശയമുണ്ടാവുകയും തിരച്ചിലിനൊടുവില്‍ രാത്രി വൈകി മൂന്നു കുട്ടികളുടെയും മൃതദേഹം കണ്ടെത്തുകയും ചെയ്തത്. മൃതദേഹങ്ങള്‍ പറവൂര്‍ താലൂക്ക് ഗവ. ആശുപത്രിയിലേക്ക് മാറ്റി.

ശ്രീവേദ പറവൂര്‍ ഗവ. എല്‍.പി.ജി. സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരി: നിവേദിത (മാളു). അഭിനവ് പുല്ലംകുളം എസ്.എന്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമേയയാണ് സഹോദരി. ശ്രീരാഗിന്റെ സഹോദരന്‍ ശ്രീരാജ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button