മംഗളൂരു: കോളേജ് അദ്ധ്യാപികയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ബസ് സ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങളില്‍ ഇവർ അദ്ധ്യാപികയെപ്പറ്റിയുള്ള പോസ്റ്ററുകള്‍ പതിപ്പിച്ചതാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്.
ബണ്ട്വാളിലെ സ്വകാര്യ കോളേജിലെ ലക്‌ചറര്‍ പ്രദീപ് പൂജാരി(36), കായികാദ്ധ്യാപകനായ താരാനാഥ് ബി.എസ്. ഷെട്ടി(32), കോളേജിലെ മറ്റൊരു ജീവനക്കാരനായ പ്രകാശ് ഷേണായ്(44) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മൂന്ന് പ്രതികളും 58 കാരിയായ അദ്ധ്യാപികയുടെ മുന്‍ സഹപ്രവര്‍ത്തകരാണ്. അദ്ധ്യാപികയെ അപകീര്‍ത്തിപ്പെടുത്താനായി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇവര്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അദ്ധ്യാപികയും പ്രതികളും നേരത്തെ ബണ്ട്വാളിലെ കോളേജിൽ ഒരുമിച്ച് ജോലിചെയ്തിരുന്നു. നാലുവര്‍ഷം മുമ്പ് അദ്ധ്യാപിക മംഗളൂരുവിലെ കോളേജിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയി. കഴിഞ്ഞ ഡിസംബര്‍ മുതലാണ് പ്രതികൾ ഇവരെ ശല്യം ചെയ്‌ത് തുടങ്ങിയത്.
ആദ്യം അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള കത്തുകളാണ് വന്നത്. അദ്ധ്യാപികയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് പ്രതികൾ ഇത്തരം കത്തുകള്‍ അയച്ചിരുന്നത്. പിന്നാലെ ഫെബ്രുവരി മുതല്‍ പരാതിക്കാരിയുടെ ഫോണിലേയ്ക്ക് ലൈംഗികച്ചുവയോടെയുള്ള അജ്ഞാത ഫോണ്‍വിളികൾ പതിവായി വന്നുതുടങ്ങി. ഇതോടെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ മുന്‍ സഹപ്രവര്‍ത്തകരാണെന്ന് മനസിലായത്. ഇവർ അദ്ധ്യാപികയുടെ ഫോണ്‍നമ്പറും ഇ-മെയില്‍ വിലാസവും സഹിതം പലയിടത്തും പോസ്റ്ററുകള്‍ പതിക്കുകയായിരുന്നു.
അശ്ലീലച്ചുവയുള്ള പോസ്റ്ററുകളിലെ ഫോണ്‍നമ്പര്‍ കണ്ടാണ് പലരും അദ്ധ്യാപികയെ വിളിച്ചിരുന്നത്. പത്തുദിവസത്തിനിടെ ഏകദേശം ആയിരത്തോളം ഫോണ്‍വിളികളാണ് ഇവർക്ക് വന്നത്. ഉപദ്രവം രൂക്ഷമായതോടെ ഒരു വേള ജീവനൊടുക്കാന്‍ വരെ ഇവർ ചിന്തിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എന്തിനുവേണ്ടിയാണ് ഇവർ അദ്ധ്യാപികയെ അപകീര്‍ത്തിപ്പെടുത്തിയതെന്ന കാര്യം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. കേസിൽ അന്വേഷണം തുടരുകയാണ്. മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.