ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജയിലുകളില്‍ നിന്നു എമര്‍ജന്‍സി പരോളില്‍ അയച്ച കുറ്റവാളികളില്‍ മടങ്ങിയെത്താത്തവര്‍ നിരവധി പേര്‍. ഒരു വര്‍ഷം മുമ്പ് കോടതി ഉത്തരവിനെ തുടര്‍ന്ന് എമര്‍ജന്‍സി പരോളില്‍ 1,184 കുറ്റവാളികളെ പുറത്തുവിട്ടത്. തിഹാര്‍, മണ്ടോലി, രോഹിണി ജയിലുകളില്‍ നിന്നുള്ളവരായിരുന്നു ഇവരില്‍ ഏറെയ പങ്കും.
ഇവരില്‍ 1,072 കുറ്റവാളികള്‍ ശിക്ഷപൂര്‍ത്തിയാക്കുകയോ കീഴടങ്ങുകയോ ചെയ്തുവെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. പരോളിലിറങ്ങി മുങ്ങിനടക്കുന്നവരുടെ പേരും വിവരങ്ങളും തിഹാര്‍ ജയില്‍ അധികൃതര്‍ ഡല്‍ഹി പോലീസിന് കൈമാറിയിട്ടുണ്ട്.
വിചാരണ കഴിഞ്ഞിട്ടില്ലാത്ത 5,556 തടവുകാര്‍ക്കും എമര്‍ജന്‍സി പരോള്‍ നല്‍കിയിരുന്നു. ഇതില്‍ 2,200 പേരാണ് തിരികെയെത്തിയത്. 3,300 പേര്‍ തിരികെയെത്തിയിട്ടില്ല. ഇവരുടെ പട്ടികയും ഡല്‍ഹി പോലീസിന് കൈമാറിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ കോടതിയില്‍ നിന്ന് ജാമ്യം നേടിയിട്ടുള്ളവരാണെന്നാണ് ജയില്‍ അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നത്.
എച്ച്‌ഐവി, കാന്‍സര്‍, കിഡ്‌നി തകരാര്‍, ആസ്മ, ടിബി രോഗികളാണ് ഇവരില്‍ ഏറിയ പങ്കുമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. 10,000ല്‍ അധികം കുറ്റവാളികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ഡല്‍ഹിയിലെ തിഹാര്‍ ജയില്‍.