തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനപ്പെട്ട പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക് പോകുന്നു. ഒരു സംസ്ഥാന ഭരണം കോണ്‍ഗ്രസിന് കൊടുത്താല്‍, കോണ്‍ഗ്രസ് അത് ബിജെപിക്ക് കൊടുക്കും. ഇങ്ങനെ ഒരു നാണം കെട്ട പാര്‍ട്ടി ഉണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇന്ന് കോണ്‍ഗ്രസായിരുന്നവര്‍ നാളെയും കോണ്‍ഗ്രസായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കും? വേണമെങ്കില്‍ ബിജെപിയാകും എന്ന് പറഞ്ഞത് കെ സുധാകരനാണ്. രണ്ട് പ്രധാന നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോയി. പത്മജ വേണുഗോപാലിന്റേയും അനില്‍ ആന്റണിയുടേയും ബിജെപി പ്രവേശം സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍
ഏതെങ്കിലും സ്ഥലത്ത് ആനയെ കടുവയോ ആളുകളെ ഉപദ്രവിക്കുന്ന അവസ്ഥ വന്നാല്‍, മരിച്ചുകിട്ടിയാല്‍ ആ ശവമെടുത്ത് ഓടാന്‍ വേണ്ടിയും സര്‍ക്കാരിനെതിരെ തിരിച്ചുവിടാനും നില്‍ക്കുകയാണ്. മനുഷ്യ ജീവന് വില കല്‍പ്പിക്കാത്തതാണ് പ്രശ്‌നമെന്നും ഉത്തരവാദികള്‍ കോണ്‍ഗ്രസും ബിജെപിയുമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
വന്യജീവി ആക്രമണം ശരിയായി പരിഹരിക്കണം എങ്കില്‍ വന്യജീവി നിയമങ്ങളില്‍ മാറ്റം വേണം. ഇന്ദിര ഗാന്ധിയുടെ കാലത്താണ് ഈ നിയമങ്ങള്‍ ഉണ്ടാക്കിയത്. ജയറാം രമേശ് അത് കൂടുതല്‍ ശക്തമാക്കി. കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമം ബിജെപി സംരക്ഷിക്കുകയാണ്. ഏതെങ്കിലും ഘട്ടത്തില്‍ ഇസ്രായേലിനെ പിന്തുണച്ച ചരിത്രം ഉള്ള ആള്‍ അല്ല പന്ന്യന്‍ രവീന്ദ്രനെന്നും പിണറായി വിജയന്‍ ഫറഞ്ഞു.