ചെന്നൈ: അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദങ്ങളും ഉണ്ടായിരുന്നു. തമിഴില്‍ നിന്നടക്കം മികച്ച ചിത്രങ്ങളെ ജൂറി തഴഞ്ഞുവെന്നാണ് ഉയര്‍ന്ന ആക്ഷേപം. അവാര്‍ഡ് പ്രഖ്യാപനത്തില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത രോഷത്തിലാണ് തമിഴ് സിനിമ ആരാധകര്‍.
2021 ല്‍ തമിഴില്‍ നിന്നും പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ മികച്ച ചിത്രങ്ങള്‍ ഉണ്ടായിട്ടും അവ പരിഗണിക്കാത്തതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പ്രധാനമായും ജയ് ഭീം, കര്‍ണ്ണന്‍ ചിത്രങ്ങളെ പൂര്‍ണ്ണമായും ജ്യൂറി തള്ളിയെന്നാണ് പ്രധാനമായും ആരോപണം.
ഇപ്പോഴിതാ നടന്‍ പ്രകാശ് രാജ് ജയ് ഭീം എന്ന ചിത്രത്തിന് പുരസ്കാരം നല്‍കാത്തതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നു. ഗാന്ധിയെ കൊന്നവര്‍ക്ക് ഭരണഘടനയുണ്ടാക്കിയ അംബേദ്ക്കറും അത് പോലെയാണ്. അതിനാല്‍ അംബേദ്ക്കര്‍ തത്വങ്ങള്‍ നശിപ്പിക്കാന്‍ നോക്കുന്നവര്‍ ജയ് ഭീം എന്ന ചിത്രത്തിന് പുരസ്കാരം നല്‍കുമോ? എന്നാണ് പ്രകാശ് രാജ് എക്സ് പോസ്റ്റിലൂടെ പറയുന്നത്. ജയ് ഭീം സിനിമയുടെയും ഒപ്പം ജയ് ഭീം എന്ന മറാത്തി കവിതയുടെ പരിഭാഷയും ഈ എക്സ് പോസ്റ്റിനൊപ്പം പ്രകാശ് രാജ് പങ്കുവച്ചിട്ടുണ്ട്.
വ്യാഴാഴ്ച അവാര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ‘ദ കശ്‍മീര്‍ ഫയല്‍സി’നായിരുന്നു. ‘ദ കശ്‍മീര്‍ ഫയല്‍സി’ന് ദേശീയ അവാര്‍ഡ് നല്‍കിയത് അത്ഭുതപ്പെടുത്തിയെന്ന് തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറയുന്നു. തരംതാണ രാഷ്‍ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡിന്റെ വില കളയരുത്. സിനിമാ- സാഹിത്യ പുരസ്‍കാരങ്ങളില്‍ രാഷ്‍ട്രീയ ചായ്‍വ് ഇല്ലാത്തതാണ് നല്ലതെന്നും എം കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
അതേ സമയം ദേശീയ അവാര്‍ഡില്‍ നിന്നും ജയ് ഭീം, സർപ്പട്ട പരമ്പരൈ , കര്‍ണ്ണന്‍ എന്നിവ ഒഴിവാക്കപ്പെട്ടതാണ് തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നത്. ലിജോ മോളുടെ അഭിനയത്തിന് അവര്‍ക്ക് ദേശീയ അവാര്‍ഡിന് അര്‍ഹതയുണ്ടെന്നാണ് പൊതുവില്‍ ഉയരുന്ന വാദം.