വഴിയരികിലെ ആരുടെയോ പറമ്പ് കാട്ടി കാടുവെട്ടാൻ പറഞ്ഞു, പണിക്കിടെ ബംഗാളികളുടെ പണവും ഫോണും തുണിയും അടിച്ചുമാറ്റി മുങ്ങി; മലയാളികളെ നാണംകെടുത്തിയ പ്രതികള്‍ പിടിയില്‍

ആരുടെയോ പറമ്പ് കാട്ടി കാടുവെട്ടാൻ പറഞ്ഞു, പണിക്കിടെ ബംഗാളികളുടെ പണവുമായി മുങ്ങി; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ജോലിക്കെന്ന വ്യാജേന വിളിച്ചുവരുത്തി ബംഗാള്‍ സ്വദേശികളെ കബളിപ്പിച്ച് പണം തട്ടിയവർ അറസ്റ്റില്‍. കൊല്ലം സ്വദേശി ഷാജിമോന്‍, ആലപ്പുഴ സ്വദേശി അന്‍വര്‍ എന്നിവരെയാണ് കോഴിക്കോട് നല്ലളം പോലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ ബംഗാള്‍ സ്വദേശികളായ റജാലുവിനെയും അബ്ദുകരീമിനെയും കാടുവെട്ടാനെന്ന് പറഞ്ഞാണ് പ്രതികള്‍ നല്ലളം ജങ്ഷനില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് കാടുമൂടിയ ആളൊഴിഞ്ഞ പറമ്പ് കാണിച്ചുനല്‍കി അത് വെട്ടി വൃത്തിയാക്കാന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ പണിയെടുക്കുന്നതിനിടെ ഇരുവരും ഇവരുടെ പണവും മൊബൈല്‍ഫോണുകളും കവര്‍ന്ന് മുങ്ങുകയായിരുന്നു.

ബംഗാള്‍ സ്വദേശികളുടെ 11,500 രൂപയും മൊബൈല്‍ഫോണുകളും വസ്ത്രങ്ങളുമാണ് പ്രതികള്‍ തട്ടിയെടുത്തത്. ഉച്ചയോടെ ബംഗാള്‍ സ്വദേശികള്‍ പണികഴിഞ്ഞെത്തിയപ്പോഴാണ് സൂക്ഷിച്ചുവെച്ചിരുന്ന പണവും മൊബൈല്‍ഫോണും കാണാനില്ലെന്നും കബളിപ്പിക്കപ്പെട്ടെന്നും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും സൈബര്‍സെല്ലിന്റെ സഹകരണത്തോടെയുമാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രതികള്‍ കാറിലാണ് വന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന അന്വേഷണസംഘം രണ്ടുപേരെയും എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News