ന്യൂഡല്‍ഹി: സര്‍ക്കാരുകള്‍ക്ക് വഴങ്ങുന്ന നീതിയുക്തമല്ലാതെ പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഭരണം നിലനിര്‍ത്താന്‍ ഏറ്റവും ഉറച്ച മാര്‍ഗമെന്ന് അധികാരത്തിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരിച്ചറിയുന്നതായി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം പേടിസ്വപ്നംപോലെ യാഥാര്‍ഥ്യമായെന്നും ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തിരഞ്ഞെടുക്കുന്നതിന് പുതിയ സമിതി രൂപവത്കരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചാണ് സര്‍ക്കാരുകള്‍ക്ക് വഴങ്ങാത്ത തിരഞ്ഞെടുപ്പ് കമ്മിഷനാണ് രാജ്യത്തിന് ആവശ്യമെന്ന് വ്യക്തമാക്കിയത്. ജനാധിപത്യത്തിന്റെ അടിവരയിടുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയോടുള്ള വോട്ടര്‍മാരുടെ വിശ്വാസത്തിന് ഇടിവ് തട്ടിയിട്ടുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
രാജ്യം റിപ്പബ്ലിക്കായതിന് തൊട്ടടുത്ത വര്‍ഷങ്ങളിലുള്ള തിരഞ്ഞെടുപ്പ് രംഗം അല്ല ഇപ്പോഴുള്ളത്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം, പണശക്തിയുടെ കുതിച്ചുചാട്ടം, വിലമതിക്കാനാകാത്ത കടമ മറന്ന് ലജ്ജയില്ലാതെ പക്ഷപാതപരമായി പെരുമാറുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പുകളില്‍ ചെലുത്തുന്ന സ്വാധീനം കാരണം കമ്മിഷണര്‍മാരുടെ നിയമനം സംബന്ധിച്ച വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍ ഒരു നിമിഷംപോലും വൈകിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഭരണഘടനാ ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍
- കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും രാഷ്ട്രപതി നിയമിച്ച് ഉത്തരവിറക്കുന്നത്. ഇതിന് പകരം പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാകണം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്രത്തിന് കൈമാറേണ്ടത്. ലോക്‌സഭയില്‍ ഔദ്യോഗിക പ്രതിപക്ഷ നേതാവ് ഇല്ലെങ്കില്‍ ഏറ്റവുമധികം അംഗങ്ങളുള്ള പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് സമിതിയില്‍ അംഗമായിരിക്കണം.
- പാര്‍ലമെന്റ് നിയമം പാസാക്കുന്നതുവരെ ഈ സംവിധാനം തുടരണം
- തിരഞ്ഞെടുപ്പ് കമ്മിഷനായി സ്ഥിരം സെക്രട്ടേറിയറ്റ് രൂപവത്കരിക്കണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തിന് പണം നല്‍കാതെ ബുദ്ധിമുട്ടിപ്പിക്കാന്‍ എക്‌സിക്യുട്ടീവിന് സാധിക്കും. ഇത് ഒഴിവാക്കാനായി പ്രത്യേക ഫണ്ട് നീക്കിവയ്ക്കണമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചു.
സര്‍ക്കാര്‍ നിയമം കൊണ്ടുവരുമോ? ബ്രിട്ടാസിന്റെ സ്വകാര്യ ബില്ല് രാജ്യസഭയുടെ പരിഗണനയില്‍
മുഖ്യ തെരെഞ്ഞെടുപ്പ് കമ്മിഷണര്‍, തെരെഞ്ഞെടുപ്പ് കമ്മിഷണര്‍ എന്നിവരുടെ തിരഞ്ഞെടുപ്പിനും നിയമനത്തിനുമായി ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചതുപോലെ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുമോ എന്ന് വ്യക്തമല്ല. വിധിയോട് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ച വിധിയിലെ ഭൂരിഭാഗം നിര്‍ദേശങ്ങളുമടങ്ങുന്ന സ്വകാര്യ ബില്ല് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിച്ചിട്ടുണ്ട്. ഈ ബില്ല് ഇപ്പോഴും സഭയുടെ പരിഗണനയിലാണ്.