KeralaNews

‘ഉമ്മൻചാണ്ടിയുടെ കാലത്ത് ക്ഷേമ പെൻഷൻ 600 രൂപ ഇന്ന് 1600;ഇനി പുതുപ്പള്ളിയിലെ വയോജനങ്ങൾ തീരുമാനിക്കട്ടെ’

കൊച്ചി: ഉമ്മൻചാണ്ടി സർക്കാരിന്റേ കാലത്തേയും പിണറായി ഭരണ കാലത്തേയും ക്ഷേമ പെൻഷനുകൾ താരമതമ്യം ചെയ്ത് കുറിപ്പുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ഉമ്മൻ ചാണ്ടിയുടെ ഭരണം അവസാനിച്ചപ്പോൾ 600 രൂപയായിരുന്നു പെൻഷനെന്നും അതും 18 മാസം കുടിശികയാക്കിയിട്ടാണ് ഭരണം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുതുപ്പള്ളിയിലെ 35000-ത്തോളം വരുന്ന ക്ഷേമപെൻഷൻകാർക്ക് ലഭിക്കുന്ന 1600 രൂപയിൽ 1500 രൂപയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നൽകിയിട്ടുള്ളവയാണെന്നും ഇനി പുതുപ്പള്ളിയിലെ വയോജനങ്ങൾ ഏത് ഭരണമാണ് നല്ലതെന്ന് തീരുമാനിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

‘ശ്രീ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതുപ്പള്ളിയിൽ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നവരുടെ എണ്ണം 21007 ആയിരുന്നു. ഇന്നോ? 34932 ഗുണഭോക്താക്കൾ. 13925 പേർ പുതുപ്പള്ളിയിൽ കൂടുതലായി പെൻഷൻ വാങ്ങുന്നു. 66 ശതമാനമാണ് വർദ്ധന. ഇവർക്ക് ഇന്ന് 1600 രൂപ വീതം പെൻഷനുണ്ട്. ശ്രീ ഉമ്മൻ ചാണ്ടിയുടെ ഭരണം അവസാനിച്ചപ്പോൾ 600 രൂപയായിരുന്നു പെൻഷൻ. 1000 രൂപ പെൻഷൻ പിണറായി സർക്കാർ വർദ്ധിപ്പിച്ചു. ശ്രീ. ഉമ്മൻ ചാണ്ടിയുടെ കാലത്തോ? വെറും 100 രൂപയാണ് വർദ്ധന.

അതും 18 മാസം കുടിശികയാക്കിയിട്ടാണ് ഭരണം അവസാനിപ്പിച്ചത്.
വി എസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെൻഷൻ 120 രൂപയായിരുന്നു. അതു തന്നെ 28 മാസം കുടിശികയായിരുന്നു. ഈ കുടിശികയും തീർത്തു. പെൻഷൻ 500 രൂപയായി ഉയർത്തിയത് വി എസ് സർക്കാരാണ്.

ചുരുക്കത്തിൽ ഇന്ന് പുതുപ്പള്ളിയിലെ 35000-ത്തോളം വരുന്ന ക്ഷേമപെൻഷൻകാർക്ക് ലഭിക്കുന്ന 1600 രൂപയിൽ 1500 രൂപയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നൽകിയിട്ടുള്ളവയാണ്. ഇനി പുതുപ്പള്ളിയിലെ വയോജനങ്ങൾ തീരുമാനിക്കുക. ഏതു ഭരണമാണ് വയോജനങ്ങളോട് കൂടുതൽ നീതിപുലർത്തിയിട്ടുള്ളത്?’, പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പുതുപ്പള്ളി സ്കൂളിന്റെ മാറ്റം താരതമ്യം ചെയ്ത് കൊണ്ടുള്ള ചിത്രം തോമസ് ഐസക് പങ്കുവെച്ചിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴുള്ള പുതുപ്പള്ളി സെന്‍റ് ജോർജ്ജ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂളിന്‍റെ അവസ്ഥയും ഇന്നത്തെ മാറ്റവുമായിരുന്നു അദ്ദേഹം തന്റെ പോസ്റ്റിൽ ചൂണ്ടിക്കാണിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button