തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയ ഇപി ജയരാജന്റെ നടപടിയിൽ പാർട്ടിയിൽ എതിർപ്പ് ശക്തമാവുന്നു. മുൻ മന്ത്രിയും പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസക് പരസ്യമായി ജയരാജനെതിരെ രംഗത്ത് വന്നു. അത്ര നിഷ്‌കളങ്കമായി ജയരാജൻ ഈ കൂടിക്കാഴ്‌ചയ്ക്ക് പോകരുതായിരുന്നു എന്നാണ് ഐസക് പ്രതികരിച്ചത്.
വിവാദം പാർട്ടിയിൽ വലിയ കോളിളക്കം സൃഷ്‌ടിച്ചു എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഐസക്കിന്റെ വിമർശനം. കൂടുതൽ നേതാക്കളിൽ നിന്ന് വിഷയത്തിൽ ജയരാജനെതിരെ നടപടി ആവശ്യം ഉയരുന്നു എന്ന വാർത്തകൾ വരുന്നതിനിടെയാണ് ഐസക് പരസ്യമായി തന്റെ നിലപാട് അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
ഈ കാര്യം നിശ്ചയമായും പാര്‍ട്ടി ഘടകത്തില്‍ ചര്‍ച്ച ചെയ്യണം. വിഷയത്തിലെ എന്റെ അഭിപ്രായം പാര്‍ട്ടി ഘടകത്തില്‍ അറിയിക്കും. ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു ഐസക് പറഞ്ഞത്. മുതിർന്ന നേതാവ് എന്ന നിലയിൽ ഐസക്കിന്റെ ഭാഗത്ത് നിന്നുണ്ടായ വിമർശനം ഒറ്റപ്പെട്ടതല്ല എന്നതാണ് വസ്‌തുത.
ഇത്രയും ഉന്നതനായ ഒരു ബിജെപി നേതാവ് തന്റെ വീട്ടിൽ കൂടിക്കാഴ്‌ചയ്ക്ക് വന്നിട്ടും അത് പാർട്ടി ഘടകങ്ങളെ അറിയിക്കാൻ ജയരാജൻ എന്തുകൊണ്ട് തയ്യാറായില്ല എന്നതാണ് പ്രധാനമായും ഉയരുന്ന വിമർശനം. വിഷയം ആദ്യം സംസ്ഥാന തലത്തിൽ തന്നെ ചർച്ച ചെയ്യാനാണ് തീരുമാനം. ശേഷം കേന്ദ്ര നേതൃത്വവും ഇത് പരിഗണിക്കും.
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. തിങ്കളാഴ്‌ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്ന സാഹചര്യത്തിൽ അതിന് ശേഷമാവും ജയരാജന് എതിരായ നടപടി എന്താവുമെന്ന വിവരം ലഭ്യമാവുക.
വോട്ടെടുപ്പ് ദിവസം ഈ വിഷയം വിവാദമായതിൽ പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് അമർഷമുണ്ട്. കേരളത്തിൽ ബിജെപിയുടെ ഏറ്റവും വലിയ എതിരാളികളായ സിപിഎമ്മിന്റെ മുതിർന്ന നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ വീഴ്‌ച പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ഇത് കൂടി കണക്കിലെടുത്താവും അന്തിമ തീരുമാനം.
ഇപി ജയരാജൻ ശോഭ സുരേന്ദ്രനുമായി ചർച്ച നടത്തിയെന്നും അധികം വൈകാതെ ബിജെപിയിലേക്ക് പോകുമെന്നും പറഞ്ഞത് കെ സുധാകരനായിരുന്നു. കെപിസിസി അധ്യക്ഷന്റെ ആരോപണം ഏറ്റെടുത്ത ബിജെപി നേതാക്കൾ ജയരാജനുമായി ചർച്ച നടത്തിയെന്ന് പറഞ്ഞിരുന്നു. ഒടുവിൽ ശോഭാ സുരേന്ദ്രൻ തന്നെ ഇക്കാര്യം പറഞ്ഞ് രംഗത്തെത്തി.പിന്നാലെ പ്രകാശ് ജാവദേക്കറുമായി കണ്ടെന്ന് ജയരാജൻ തന്നെ സമ്മതിക്കുകയുമായിരുന്നു.