ആലപ്പുഴ : ശബരിമല വിഷയത്തിൽ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. വിഷയത്തിൽ കോടതി വിധി തന്നെയാണ് സർക്കാർ നയമെന്നും തോമസ് ഐസക്ക് പറഞ്ഞു. നിയമവാഴ്ച്ചയാണ് നടപ്പാക്കേണ്ടതെന്നും യുഡിഎഫ് യുദ്ധം ചെയ്തിട്ട് കാര്യമില്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്തിയാൽ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു.ഡി.എഫ് പുറത്തുവിട്ടതോടെയാണ് ധനമന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മറ്റൊന്നും പറയാനില്ലാത്തതോടെയാണ് യുഡിഎഫ് വീണ്ടും ശബരിമല വിഷയം ഉയർത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കുറച്ച് വോട്ടുകൾ പിടിക്കാനുള്ള കോൺഗ്രസിന്റെ തന്ത്രം മാത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ട് വർഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നുമാണ് യുഡിഎഫ് പുറത്തിറക്കിയിരിക്കുന്ന കരട് നിയമ രേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്.