തൊടുപുഴ കൂട്ടബലാത്സംഗം: പ്രതിക്ക് 12 വർഷം കഠിനതടവ്, ഇരയ്ക്ക് നാല് ലക്ഷം രൂപ ധനസഹായം

തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; രണ്ടാമത്തെ കേസിലെ പ്രതി വിനീഷ് വിജയന് 12 വര്‍ഷം കഠിന തടവ്; ശൈശവ വിഹാമടക്ക 28 കേസുകളില്‍ വിചാരണ അവസാന ഘട്ടത്തിലേക്ക്

ഇടുക്കി: തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്. തൊടുപുഴയെ ഞെട്ടിച്ച കുമാരമംഗലം പീഡനത്തിലെ രണ്ടാമത്തെ കേസിലെ പ്രതി തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയനെയണ് ഇടുക്കി അഡീഷണല്‍ ആന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. കുട്ടിയെ നിരവധി പേര്‍ പീഡനത്തിനിരയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ പുനരധിവാസത്തിന് നാല് ലക്ഷംരൂപ നല്‍കാനും കോടതി വിധിച്ചു. ശൈശവ വിവാഹവും കൂട്ടബലാത്സംഗവും അടക്കം നിരവധി ക്രൂരതകള്‍ക്കാണ് 17 വയസുകാരി ഇരയായത്.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ, 17കാരിയായ പെണ്‍കുട്ടിയെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. വിനീഷിനെ കൂടാതെ ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതോടെയാണ് പീഡന വിവരം പുറത്തിറഞ്ഞത്. നിരവധി പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞ് ആശുപത്രി ജീവനക്കാരും ഞെട്ടി.

തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തില്‍ 2017 മുതല്‍ 2022 വരെ പെണ്‍കുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് നിരവധിയാളുകള്‍ പീഡിപ്പിച്ചെന്ന് കണ്ടെത്തി. ശൈശവ വിവാഹത്തിനടക്കം പെണ്‍കുട്ടി ഇരയായി. പെണ്‍കുട്ടിയുടെ അമ്മയും മുത്തശ്ശിയും പീഡനത്തിന് ഒത്താശ ചെയ്തതായാണ് വിവരം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് 28 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വിചാരണ പൂര്‍ത്തിയായ രണ്ടാമത്തെ കേസിലാണ് വിധി പറഞ്ഞത്. പ്രതിക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.

മുത്തശ്ശിയുടെ സംരക്ഷണത്തിലിരിക്കുമ്പോഴാണ് പെണ്‍കുട്ടി പലതവണ പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെ നടന്ന പീഡനമെന്നാണ് കണ്ടെത്തല്‍. പ്രധാന സാക്ഷികളിലൊന്നായ മുത്തശ്ശി വിചാരണവേളയില്‍ കൂറുമാറിയിരുന്നു. ശൈശവ വിവാഹം ഉള്‍പ്പെടെയുളള ശേഷിക്കുന്ന 26 ലേറെ കേസ്സുകളില്‍ വിചാരണ അവസാന ഘട്ടത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News