ഡല്‍ഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷക്കെതിരേ ഡല്‍ഹി വനിതാ കമ്മീഷന്‍ (DWC) അധ്യക്ഷ സ്വാതി മാലിവാള്‍. കുട്ടിക്കാലത്തെ ഹീറോകളോട് ബഹുമാനം നഷ്ടമാകുന്നത് ഇങ്ങനെയാണെന്ന് പിടി ഉഷയെ വിമര്‍ശിച്ച് സ്വാതി മലിവാള്‍ പറഞ്ഞു. താരങ്ങള്‍ക്കെതിരായ പിടി ഉഷയുടെ വിമര്‍ശനം സംബന്ധിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തുകൊണ്ടാണ് സ്വാതി മാലിവാളിന്റെ പ്രതികരണം.
ഗുസ്തി താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നും സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു ഉഷയുടെ വിമര്‍ശനം. ഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഉഷയുടെ വിമര്‍ശനം.
റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരേ ഗുസ്തി താരങ്ങള്‍ ജന്ദര്‍ മന്തറില്‍ നടത്തുന്ന സമരം അഞ്ച് ദിനം പിന്നിടുന്ന ഘട്ടത്തിലായിരുന്നു താരങ്ങളെ കുറ്റപ്പെടുത്തി ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ തന്നെ രംഗത്തെത്തിയത്.
പി.ടി. ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും അവരില്‍നിന്ന് പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്നും ഗുസ്തി താരം ബജ്രംഗ് പുനിയയും പറഞ്ഞിരുന്നു.
സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് ഗുസ്തി ഫിസിയോയും രംഗത്ത് വന്നു. 2014-ല്‍ ലഖ്‌നൗവില്‍ നടന്ന ക്യാംപില്‍ വെച്ച് മൂന്ന് ജൂനിയര്‍ താരങ്ങള്‍ ബ്രിജ് ഭൂഷണെതിരേ തന്നോട് കാര്യങ്ങള്‍ വിശദീകരിച്ചുവെന്ന് ഫിസിയോ പരജീത് മല്ലിക് പറഞ്ഞു.
രാത്രിയില്‍ ബ്രിജ് ഭൂഷണെ കാണാന്‍ ജൂനിയര്‍ താരങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും ഇക്കാര്യം അന്ന് തന്നെ വനിതാ കോച്ച് കുല്‍ദീപ് മാലിക്കിനെ അറിയിച്ചുവെന്നും പിന്നീട് കായിക മന്ത്രാലയത്തിന്റെ മേല്‍നോട്ട സമിതിയ്ക്ക് മുന്നില്‍ വിശദീകരിച്ചുവെന്നും പരജീത് മല്ലിക് വ്യക്തമാക്കി.