കോട്ടയം: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് തിരുവാര്‍പ്പില്‍ ബസിന് മുന്നില്‍ കൊടികുത്തിയ സംഭവത്തില്‍ ഉടമ രാജ്‌മോഹന്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചു. കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികള്‍ നടത്തി വന്ന സമരവും പോലീസും സിഐടിയു സംഘടനയുമായി നടന്ന ചര്‍ച്ചയോടെ അവസാനിപ്പിച്ചിട്ടുണ്ട്.
പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ പോലീസ് സമരപ്പന്തല്‍ അഴിച്ചുമാറ്റുകയും ബസ് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. നാളെ തൊഴില്‍ മന്ത്രിയുമായി വിഷയത്തില്‍ ഇരു കൂട്ടരും ചര്‍ച്ച നടത്തും.
തൊഴില്‍ തര്‍ക്കത്തേത്തുടര്‍ന്നാണ് കഴിഞ്ഞ ശനിയാഴ്ച തിരുവാര്‍പ്പ്- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസില്‍ സി.ഐ.ടി.യു. കൊടി കുത്തിയത്. ഇതേത്തുടര്‍ന്ന് ബസുടമയും വിമുക്തഭടനുമായ രാജ് മോഹന്‍ ബസിന് മുന്നില്‍ ലോട്ടറി വില്‍പ്പന ആരംഭിച്ചിരുന്നു. രാജ് മോഹന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പോലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താന്‍ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
എന്നാല്‍, ഇത് വെല്ലുവിളിച്ച് സി.ഐ.ടി.യു- സി.പി.എം. നേതാക്കള്‍ രംഗത്തെത്തി. കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞദിവസം സി.ഐ.ടി.യു. നേതാക്കള്‍ അനുവദിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ 6.40-ന് സര്‍വീസ് നടത്താന്‍ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സി.പി.എം. നേതാക്കള്‍ തടഞ്ഞു. ഇവരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സി.പി.എം. ജില്ലാനേതാവ് അജയ് ഉടമയെ മര്‍ദിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നടപടി ആവശ്യപ്പെട്ട് ബസ് ഉടമയ്ക്ക് പിന്തുണയുമായി ബി.ജെ.പി. പ്രവര്‍ത്തകരും എത്തി. ഇവര്‍ കുമരകം പോലീസ് സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. തന്നെ മര്‍ദിച്ച ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി നാടുകടത്തണമെന്ന് രാജ് മോഹന്‍ ആവശ്യപ്പെട്ടു. സി.ഐ.ടി.യുവിനെതിരെ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്നും രാജ് മോഹന്‍ വ്യക്തമാക്കി.