തിരുവനന്തപുരം: സോളാര്‍ സമരം ഒരു തിരക്കഥയാണോ എന്ന ചോദ്യത്തിലേക്ക് ഏവരെയും എത്തിക്കുംവിധത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ സന്ധി സംഭാഷണം തുടങ്ങിയെന്ന തരത്തില്‍ ചെറിയാൻ ഫിലിപ്പ് നടത്തിയ വെളിപ്പെടുത്തലാണ് വിവാദമാകുന്നത്.
സമരം തുടങ്ങുന്നതിന്റെ തലേ ദിവസമാണ് താനും ബ്രിട്ടാസും തിരുവഞ്ചൂരിനെ കണ്ടതെന്നും സമരം തുടങ്ങി ഒരു ഘട്ടത്തില്‍ തീര്‍ക്കണമെന്നായിരുന്നു ആലോചനയെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞിരുന്നു.
എന്നാല്‍ സമരത്തിന് തലേ ദിവസം തങ്ങള്‍ മുഖാമുഖം കണ്ടിട്ടില്ലെന്നാണ് തിരുവഞ്ചൂര്‍ വ്യക്തമാക്കുന്നത്. പക്ഷേ, അങ്ങോട്ടും ഇങ്ങോട്ടും ആശയവിനിമയം നടന്നിരിക്കാം, ഫോണില്‍ വിളിച്ചിരിക്കാമെന്നും തിരുവഞ്ചൂര്‍. ആ സമരം ന്യായമായിരുന്നില്ല, അത് അന്നും പറഞ്ഞിട്ടുണ്ട്, ഇന്നും പറയുന്നു, തങ്ങള്‍ക്കൊന്നും മറക്കാനില്ലെന്നും തിരുവഞ്ചൂര്‍.
അതേസമയം സമരത്തിന് മുമ്പ് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നുവെന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകളാണ് സൃഷ്ടിക്കുന്നത്. മലയാള മനോരമ മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലാണ് ഈ വിവാദങ്ങളുടെയെല്ലാം തുടക്കം. സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാൻ മാധ്യമപ്രവര്‍ത്തകനും ഇടത് സഹയാത്രികനുമായ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ച് ഉമ്മൻചാണ്ടിയോട് സംസാരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു വെളിപ്പെടുത്തല്‍.
ഇക്കാര്യം ബ്രിട്ടാസ് നിഷേധിച്ചിട്ടുണ്ട്. തുടര്‍ന്ന് ചെറിയാൻ ഫിലിപ്പിന്റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. ബ്രിട്ടാസിനൊപ്പം തിരുവഞ്ചൂരിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയെന്നാണ് ചെറിയാൻ ഫിലിപ്പും സമ്മതിച്ചു. എന്നാല്‍ സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ ചര്‍ച്ച നടന്നുവെന്നാണ് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കുന്നത്.