തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം; ടി.പി.ആര്‍ 44.2%

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയിലെ ടിപിആര്‍ 44.2% ആണ്. തലസ്ഥാന ജില്ലയില്‍ രണ്ട് പേരെ പരിശോധിക്കുന്നതില്‍ ഒരാള്‍ പോസിറ്റീവ് എന്ന നിലയിലാണ് നിലവില്‍ രോഗവ്യാപനം. നഗരപ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചും ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ചുമാണ് രോഗവ്യാപനമെന്ന് ജില്ലാ മെഡിക്കല്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യത്തിന് സിഎഫ്എല്‍ടിസികള്‍ ഒരുക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ച്ചയുണ്ടെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്താണ്. 33.07 ശതമാനമായി സംസ്ഥാനത്തെ ടി.പി.ആര്‍ കുതിച്ചുയര്‍ന്നു. ടി.പി.ആര്‍ ഏറ്റവും കൂടുതല്‍ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 19.65 ശതമാനത്തില്‍ തുടരുമ്പോഴാണ് കേരളത്തില്‍ ടി.പി.ആര്‍ ദിനംപ്രതി കുതിക്കുന്നത്.

ജനുവരി 1ന് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനം. ജനുവരി 10ന് 12.68ഉം ജനുവരി 15ന് 26.96 ശതമാനമായി ഉയര്‍ന്നു. ജനുവരി 16ന് 30 കടന്ന ടിപിആര്‍ ഇന്നലെ 33ഉം കടന്ന് 33.07 ശതമാനത്തില്‍ എത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തുന്നതില്‍ ഏറ്റവും ഉയര്‍ന്ന ടിപിആറാണ് ഇന്നലത്തേത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് ടിപിആറില്‍ ഉണ്ടായ വര്‍ധന 21%. സംസ്ഥാനത്തെ രോഗ വ്യാപനം എത്രകണ്ട് തീവ്രമാണെന്ന് തെളിയിക്കുന്നതാണ് ടിപിആറിലെ ഈ കുതിപ്പ്.

കഴിഞ്ഞ ആഴ്ച അപേക്ഷിച്ച് കൊവിഡ് കേസുകളില്‍ 182 ശതമാനം വര്‍ധന. ഇന്നലത്തെ ടിപിആര്‍ ദേശീയ ശരാശരി 19.65 ശതമാനമാണ്. ഡല്‍ഹിയിലെ 28% ബംഗാള്‍ 26.43% മഹാരാഷ്ട്രയില്‍ 20.76% തമിഴ്നാട്ടില്‍ 17% കര്‍ണാടകയില്‍ 12.45 ശതമാനവുമാണ് ടെസ്റ്റ് പോസ്റ്റ് നിരക്ക്. ടിപിആര്‍ നിരക്കില്‍ കേരളത്തിന് മുന്നിലുള്ളത് താരതമ്യേന ചെറിയ സംസ്ഥാനമായ ഗോവയാണ്. 41.52% ആണ് ഗോവയിലെ ഇന്നലത്തെ ടിപിആര്‍. ഗോവില്‍ ഇന്നലെ 5236 സാമ്പിളുകളാണ് പരിശോധിച്ചത്. 2174 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

അതേസമയം കേരളത്തില്‍ ഇന്നലത്തെ കേസുകള്‍ 22,846ഉം, നടത്തിയ സാമ്പിള്‍ പരിശോധന 69,373 ആയിരുന്നു. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ടിപിആര്‍ തിരുവനന്തപുരം ജില്ലയിലാണ്(44.02%). ജില്ലയില്‍ പരിശോധിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ക്ക് കൊണ്ട് ബാധയെന്ന് ചുരുക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News