തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കേടായ ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങിക്കിടന്നത് രണ്ട് ദിവസം. ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെയോടെ ലിഫ്റ്റ് പ്രശ്നം പരിഹരിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റിൽ രവീന്ദ്രനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
ശനിയാഴ്ച മെഡിക്കൽ കോളജിലെ ഓർത്തോ ഒപിയിലെത്തിയതായിരുന്നു രവീന്ദ്രൻ. നടുവേദനയിടെ ചികിത്സയ്ക്കാണ് എത്തിയത്. 12 മണിയോടെയാണ് രവീന്ദ്രൻ ലിഫ്റ്റിൽ കയറിയത്. പിന്നാലെ ലിഫ്റ്റ് തകരാറിലായി. ലിഫ്റ്റ് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്നുപോകുകയായിരുന്നു. ഇതിനിടയിൽ രവീന്ദ്രന്റെ ഫോൺ ലിഫ്റ്റിൽ വീണ് പൊട്ടുകയും ചെയ്തു. ഇതോടെ ആരേയും ബന്ധപ്പെടാൻ അദ്ദേഹത്തിന് സാധിച്ചില്ല. വീട്ടുകാർക്കും രവീന്ദ്രനെ ബന്ധപ്പെടാൻ ആയില്ല.
അതേസമയം ആശുപത്രിയിൽ പോയ ആൾ തിരികെ വരാതിരുന്നതോടെ രവീന്ദ്രൻ നായരെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കുടുംബം മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകി. അതിനിടെയാണ് ഇന്ന് രാവിലെയോടെ ലിഫ്റ്റ് പ്രശ്നം പരിഹരിക്കാൻ എത്തിയപ്പോൾ രവീന്ദനെ ലിഫ്റ്റിൽ കണ്ടെത്തിയത്. രാവിലെ ആറ് മണിയോടെ ലിഫ്റ്റ് തകരാർ പരിഹരിക്കാൻ ഓപ്പറേറ്റർ എത്തിയപ്പോൾ ഒരാൾ ലിഫ്റ്റിനുള്ളിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തിൽ പ്രേവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനിവല തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു.
അതേസമയം ലിഫ്റ്റിലേക്ക് കയറിയ ഉടൻ മുകളിലേക്ക് പോയ ശേഷം ലിഫ്റ്റ് സ്റ്റക്ക് ആയി എന്നാണ് രവീന്ദ്രൻ പറയുന്നത്. ലിഫ്റ്റിലുണ്ടായിരുന്ന നമ്പറിലേക്ക് വിളിച്ചിട്ടും ആരും എടുത്തില്ലെന്നും അലാറം അടിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും രവീന്ദ്രൻ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.