സന്ദീപിനൊപ്പം ഒരാളെങ്കിലും വന്നോ? പിന്നെന്ത് കാര്യം; തുറന്നടിച്ച് കോൺ​ഗ്രസ് നേതാവ് വി.എസ് വിജയരാഘവൻ

പാലക്കാട്: സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശത്തിനെതിരേ തുറന്നടിച്ച് പാലക്കാട്ടെ മുതിർന്ന കോൺ​ഗ്രസ് നേതാവ് വി.എസ്.വിജയരാഘവൻ. സന്ദീപിന്റെ വരവ് ബി.ജെ.പിക്ക് ​ഗുണമായെന്നും അദ്ദേഹത്തെ സ്വീകരിച്ചത് അനവസരത്തിലാണെന്നും വിജയരാഘവൻ പറഞ്ഞു.

‘ഞാൻ 25 വർഷം ഡി.സി.സി പ്രസിഡന്റും 15 വർഷം എം.പിയുമായിരുന്നു. സന്ദീപ് കോൺ​ഗ്രസിലേക്ക് വരുന്നൂവെന്ന് ടെലിവിഷനിൽ കണ്ടതല്ലാതെ ഇതേകുറിച്ച് എന്നോട് ആരും ഇതുവരെ അഭിപ്രായം ചോദിച്ചിട്ടില്ല. സന്ദീപിന്റെ കൂടെ ഒരാളെങ്കിലും കോൺ​ഗ്രസിലേക്ക് വന്നിട്ടുണ്ടോ? പിന്നെ എന്താണ് കാര്യം? 23-ാം തീയതിക്ക് ശേഷം അദ്ദേഹത്തെ കൊണ്ടുവന്നാൽ മതിയായിരുന്നു. സന്ദീപിന്റെ വരവോടെ, ചെറിയ അഭിപ്രായ വ്യാത്യാസങ്ങളും സൗന്ദര്യപിണക്കങ്ങളും മാറ്റി ബി.ജെ.പി യോജിച്ചെന്നാണ് മനസ്സിലാക്കുന്നത്’, അദ്ദേഹം പറഞ്ഞു.

ആവശ്യമില്ലാത്തൊരു തിരഞ്ഞെടുപ്പ് ഉണ്ടായെന്ന തോന്നൽ ജനങ്ങൾക്കിടയിലുണ്ടെന്നും ഇത് പാലക്കാട്ട് പോളിങ് കുറയാനുള്ള കാരണങ്ങളിൽ ഒന്നാണെന്നും പറഞ്ഞ വിജയരാഘവൻ, രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു.

പാലക്കാട്ട് രാഹുലിന്റെ സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് തന്നോടാരും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ പാർട്ടി തീരുമാനത്തെ അനുകൂലിച്ചെന്നും അതിൽ യാതൊരു തർക്കമില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. രാഹുൽ മിടുക്കനാണെന്നും പോരാളിയാണെന്നും പറഞ്ഞ അദ്ദേഹം, ഇതിനോട് എത്രത്തോളം പാലക്കാട്ടുകാർ യോജിച്ചുവെന്നത് 23-ാം തീയതിക്ക് ശേഷം അറിയാമെന്നും അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News