തിരുവനന്തപുരത്തെ വീട്ടമ്മയുടേത് കൊലപാതകം;മകളും ചെറുമകളും അറസ്റ്റില്‍, കൊലയുടെ കാരണമിതാണ്‌

തിരുവനന്തപുരം: അഴൂർ റെയിൽവേ ഗേറ്റിനു സമീപം ശിഖഭവനിൽ നിർമ്മല (75) യെ ഇക്കഴിഞ്ഞ 17ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിർമ്മലയുടെ മൂത്ത മകൾ ശിഖ (55),ശിഖയുടെ മകൾ ഉത്തര (34) എന്നിവരെ പൊലീസ് പിടികൂടി.

നിർമ്മലയ്ക്ക് ശിഖ ഉൾപ്പെടെ മൂന്ന് മക്കളാണ്. ഭർത്താവ് മരിച്ചു. ഒരു മകൾ അമേരിക്കയിലും മറ്റൊരു മകൾ കവടിയാറിലും നല്ല സാമ്പത്തിക സ്ഥിതിയിൽ കഴിഞ്ഞുവരുന്നു. നിർമ്മലയുടെ പേരിലുള്ള സ്ഥിര നിക്ഷേപം ചിറയിൻകീഴ് സഹകരണ ബാങ്കിലാണ്.

ഇതിൽ അവകാശിയായി മൂത്ത മകൾ ശിഖയെ ഉൾപ്പെടുത്താത്തതിലും നിർമ്മലയുടെ സമ്പാദ്യം കൊടുക്കാത്തതിലും ഉള്ള വൈരാഗ്യമാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ശിഖയെയും മകളെയും കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഈ മാസം 14 ന് വൈകുന്നേരം നിർമ്മലയുടെ താക്കോൽ കാണാത്തതിനാൽ ഇരുകൂട്ടരും തമ്മിൽ വഴക്കായി.

തുടർന്ന് ബെൽറ്റ് പോലുള്ള ഒരു വള്ളി ഉപയോഗിച്ച് കഴുത്തിൽ ചുറ്റി വരിഞ്ഞതുമൂലമാണ് നിർമ്മല മരണമടഞ്ഞത്. മരണവിവരം നാട്ടുകാരും ബന്ധുക്കളും അറിയാതിരിക്കാൻ പ്രതികൾ നിർമ്മലയ്ക്ക് കൊണ്ടുവന്നിരുന്ന പാൽ കുപ്പികൾ രാവിലെ എടുത്തു മാറ്റിയിരുന്നു. ഒരേ വീട്ടിലാണ് താമസമെങ്കിലും നിർമ്മല പ്രത്യേകം പാചകമായിരുന്നു.

നാട്ടുകാരോട് അടുപ്പം കാണിക്കാത്ത പ്രതികൾ, ബന്ധുക്കളോട് നിർമ്മലയ്ക്ക് സുഖമില്ലെന്ന വിവരം പതിനേഴാം തീയതിയാണ് അറിയിച്ചത്. അപ്പോഴേക്കും നിർമ്മലയുടെ ശരീരം അഴുകിയ നിലയിലായിരുന്നു. നിർമ്മല മരിച്ച് കിടന്നപ്പോഴും ശിഖയും മകളും നിർമ്മലയുടെ പേരിലുള്ള ഡിപ്പോസിറ്റ് അവരുടെ പേരിൽ ആക്കാൻ ശ്രമിക്കുകയായിരുന്നു .

സി സി ടി വി ദൃശ്യങ്ങളുടെയും ഫോൺകാൾ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ അമ്മയെയും മകളെയും ചോദ്യം ചെയ്തതിലാണ് പ്രതികൾ കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഉത്തര വിവാഹിതയല്ല.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിറയിൻകീഴ് സി ഐ വിനീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ മനു, ശ്രീബു, മനോഹർ പൊലീസുകാരായ അജിത്ത് ഹാഷിം ദിവ്യ ശ്രീലത, വിഷ്ണു എന്നിവർ ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News