തിരുവനന്തപുരം: കോണ്‍ഗ്രസിന് തലവേദനയായി തിരുവനന്തപുരത്തെ പല മണ്ഡലങ്ങളിലും വിമത നീക്കം. വട്ടിയൂര്‍ക്കാവില്‍ പി.സി. വിഷ്ണുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലും ശക്തമായ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. കഴക്കൂട്ടത്ത് എസ്.എസ്. ലാലിനെതിരെ വിമത സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.
<കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെ മാറ്റി പി.സി.വിഷ്ണുനാഥിനെ പരിഗണിക്കാമെന്ന് അറിയിച്ചിട്ടും വട്ടിയൂര്‍ക്കാവില്‍ പ്രശ്ന പരിഹാരമായില്ല. മണ്ഡലത്തിന് പുറത്തു നിന്നുള്ള സ്ഥാനാര്‍ഥി വേണ്ടെന്ന ഉറച്ച നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍.
ഇരുപത് മണ്ഡലങ്ങള്‍ വേണ്ടെന്ന് വെച്ചയാളാണ് പി.സി.വിഷ്ണുനാഥെന്നും വട്ടിയൂര്‍ക്കാവ് ആര്‍ക്കും വേണ്ടാത്തവര്‍ക്കുള്ള പുനരധിവാസ കേന്ദ്രമല്ലെന്നും നേതാക്കള്‍ പറയുന്നു. കഴക്കൂട്ടത്ത് എസ്.എസ്.ലാലിനെതിരെയും വിമതരെ രംഗത്തിറക്കാനാണ് നീക്കം.
തണ്ടാന്‍ സമുദായ അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കാത്തതിനെതിരെ ചിറയിന്‍കീഴ് മണ്ഡലത്തിലും കലഹം തുടങ്ങി. തിരുവനന്തപുരത്ത് വി.എസ്.ശിവകുമാറിനെതിരെയും വിമതരെ നിര്‍ത്താനുള്ള നീക്കം എതിര്‍ ചേരികള്‍ ആരംഭിച്ചു.