തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം. മംഗലപുരം പായ്ച്ചിറയിൽ പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെ രണ്ട് പ്രാവശ്യം ബോംബേറുണ്ടായി. രണ്ട് തവണയും തലനാരിഴക്കാണ് പൊലീസ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. ഉച്ചയ്ക്ക് പൊലിസിനെ ആക്രമിച്ച പ്രതി ഷെഫീക്കാണ് വീണ്ടും ബോബെറിഞ്ഞത്. ഷെഫീക്കിനെ പിടികൂടാൻ പൊലീസ് വീണ്ടും വീട്ടിലെത്തിയപ്പോഴാണ് ബോബെറിഞ്ഞത്. ഈ വീട്ടിൽ നിന്നും ലഹരി വസ്തുക്കൾ അടങ്ങിയ ബാഗും പൊലീസിന് ലഭിച്ചു. ഇന്ന് ഉച്ചയ്ക്ക് പൊലീസ് എത്തുന്നതിന് മുൻപ് ഈ ബാഗ് ഷെഫീഖിൻ്റെ ഉമ്മ വീടിന് സമീപം ഒളിപ്പിച്ചിരുന്നു. ഈ വിവരം നാട്ടുകാർ മംഗലപുരം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് പരിശോധിച്ചിരുന്നില്ല.
ബുധനാഴ്ച വൈകീട്ടാണ് പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. ബൈക്ക് തട്ടിയെടുത്ത ശേഷം നിഖിലിൻെറ അടിവസ്ത്രത്തിൽ പടക്കം തിരുകിവച്ചു. വാളുകാട്ടി ഭീഷണിപ്പെടുത്തിയാണ് ബൈക്ക് കടത്തിയത്. സ്വർണകവർച്ച ഉൾപ്പെടെ നിരവധിക്കേസുകളിൽ പ്രതികളായ ഷഫീക്ക്, ഷെമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടികൊണ്ടുപോകൽ. ഷെഫീക്കിൻെറ വീട്ടിൽ കൊണ്ടുപോയി നിഖിലിനെ സംഘം മർദ്ദിച്ചു. നിഖിൽ നോർബറ്റ് നേരത്തെ കഞ്ചാവ് കേസിൽ പ്രതിയാണ്. നിഖിലിനെ മോചിപ്പിക്കാൻ അച്ഛനെ വിളിച്ച് അഞ്ചുലക്ഷം രൂപ ഗുണ്ടാസംഘം ആവശ്യപ്പെട്ടു. ലൊക്കേഷനും അയച്ചു കൊടുത്തു.
ലോക്കേഷൻ കേന്ദ്രീകരിച്ച് കഴക്കൂട്ടം പൊലിസ് ഇന്നലെയെത്തുമ്പോള്‍ കഴക്കൂട്ടം ഏലായിൽവച്ച് നിഖിലിനെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു. അപ്പോൾ പൊലിസിനുനേരെ അക്രമികള്‍ ബോംബെറിഞ്ഞുവെന്ന് നിഖിൽ പറയുന്നു. പക്ഷെ പൊലിസ് ഇത് നിഷേധിക്കുകയാണ്. ഇന്ന് ഉച്ചയോടെ പായ്ച്ചിറയിലുള്ള ഷഫീക്ക്, ഷെമീർ എന്നിവരുടെ വീട്ടിൽ പൊലിസെത്തി. വീട്ടിനുള്ളിൽ നിന്നും ഗുണ്ടാസംഘം പൊലിസിനുനേരെ ബോംബറിഞ്ഞു. വീണ്ടും കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോള്‍ പ്രതികളുടെ അമ്മ ഷീജ പൊലിസിനുനേരെ മഴുവെറിഞ്ഞു.
ഷെമീറിനെയും ഷീജയെയും മംഗലാപുരം പൊലീസ് കസ്റ്റഡിലെടുത്തു. ഇതിനിടെ ലോക്കപ്പിൽ വെച്ച് ഷെമീർ കൈയിൽ കരുതിയിരുന്ന ബ്ലെയ്ഡ് കൊണ്ട് കഴുത്തിൽവരഞ്ഞു. ഇയാളെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ചികിത്സിച്ച ശേഷം ഷെമീറിനെയും അറസ്റ്റ് ചെയ്തു. പൊലീസിനെ ആക്രമിക്കുന്നതിനു മുമ്പ് ഷീജ ബാഗ് ഒളിപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ സംഘം വീണ്ടും ഷെമീറിന്‍റ വീട്ടിലെത്തി.
അവിടെ വെച്ച് വീട്ടിലുണ്ടായിരുന്ന ഷെഫീഖ് വീണ്ടും പൊലീസിന് നേരെ ബോംബെറിഞ്ഞു. ഷെഫീഖിനെ പിടികൂടാൻ പൊലീസിനായില്ല. വീട്ടിൽ നിന്ന് ബാഗിനുള്ളിലെ ലഹരി വസ്തുക്കൾ പൊലീസ് കണ്ടെത്തി. ബാഗ് ഉള്ള കാര്യം നേരത്തേ അറിയിച്ചിരുന്നുവെങ്കിലും പൊലീസ് ശ്രദ്ധിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ചുതെങ്ങിലും ഒരു യുവാവിനെ ഇതേ സംഘം തട്ടികൊണ്ടുപോയിരുന്നു. മറ്റു പ്രതികള്‍ക്കുവേണ്ടി അന്വേഷണം തുടരുകയാണ്.