31.1 C
Kottayam
Monday, April 29, 2024

കോഴിക്കോട്ട് വീട്ടുജോലിക്കെത്തിച്ച പതിമൂന്നുകാരിക്ക് ക്രൂരമർദനം;രക്ഷപ്പെടുത്തി ചൈൽഡ് ലൈൻ പ്രവര്‍ത്തകര്‍

Must read

പന്തീരങ്കാവ്: കോഴിക്കോട് പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് എത്തിയ പതിമൂന്നുകാരിക്ക് ക്രൂരമര്‍ദനം. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് ജോലി ചെയ്യുന്ന വീട്ടിലുള്ളവര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതിമാര്‍ക്കെതിരേ പന്തീരാങ്കാവ് പോലീസ് കേസെടുത്തു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയുമായ ഡോക്ടര്‍ മിര്‍സാ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കും എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. നാല് മാസം മുന്‍പാണ് ഇവരുടെ പന്തീരാങ്കാവിലെ ഫ്‌ളാറ്റില്‍ കുട്ടിയെ ജോലിക്ക് കൊണ്ടുവന്നത്. ഇവിടെ വെച്ച് കുട്ടിയെ പൊള്ളലേല്‍പ്പിച്ചു, ബെല്‍റ്റ് കൊണ്ട് അടിച്ചു തുടങ്ങിയ പരാതികളാണ് ഉള്ളത്. തൊട്ടടുത്ത ഫ്‌ളാറ്റില്‍ ഉള്ളവരാണ് കുട്ടിയെ മര്‍ദിക്കുന്ന വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

പന്തീരാങ്കാവ് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. റുഹാന കുട്ടിയെ ബെല്‍റ്റുകൊണ്ട് അടിച്ചെന്നും ചട്ടുകം കൊണ്ട് പൊള്ളിച്ചെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരേ ബാലവേല നിരോധന വകുപ്പ് പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഹാറില്‍നിന്ന് അനധികൃതമായി കുട്ടിയെ കൊണ്ട് വന്നതിന് കുട്ടിക്കടത്ത് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week