കൈകള്‍ കൂട്ടിക്കെട്ടി സാഹസികമായി വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന് പതിമൂന്നുകാരന്‍

ആലപ്പുഴ: കൈകള്‍ ബന്ധിച്ചു വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന് പതിമൂന്നുകാരന്‍. കോതമംഗലം സ്വദേശികളായ എ ജെ പ്രിയദര്‍ശന്റെയും രേഖയുടെയും മകന്‍ അനന്ത ദര്‍ശന്‍ ആണ് കൈകള്‍ ബന്ധിച്ച് സാഹസികമായി വൈക്കംകായല്‍ നീന്തിക്കടന്നത്. ചേര്‍ത്തല തവണക്കടവില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം നീന്തി അനന്ത ദര്‍ശന്‍ വൈക്കത്തെത്തി.

ഇന്നലെ രാവിലെ 7.45ന് എംഎല്‍എ ദലീമ ജോജോ കൈകള്‍ ബന്ധിച്ച് പ്രകടനം ഫ്‌ലാഗ് ഓഫ് ചെയ്തു. 10.45ന് വൈക്കം കോവിലകത്തും കടവ് മാര്‍ക്കറ്റില്‍ നീന്തിക്കയറിയ അനന്ത ദര്‍ശനെ സി കെ ആശ എംഎല്‍എ കയ്യിലെ ബന്ധനം അഴിച്ച് സ്വീകരിച്ചു.

അഞ്ചു വര്‍ഷത്തോളമായി നീന്തല്‍ പരിശീലിക്കുന്ന അനന്തദര്‍ശന്‍ മൂന്നു മാസമായി കൈകള്‍ ബന്ധിച്ചുള്ള നീന്തല്‍ പരിശീലനത്തിലായിരുന്നു. അമ്മാവനും പരീശീലകനുമായ പിറവം സ്വദേശി ബിജു തങ്കപ്പനും അനന്ത ദര്‍ശന്റെ ഒപ്പം നീന്തി. സുരക്ഷയ്ക്കായി മൂന്ന് വള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തകരും ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News