തിരുപ്പുര്‍: തിരുപ്പൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ഇടിച്ചുകയറിയത് എറണാകുളത്തുനിന്ന് ടൈലുമായി സേലത്തേക്കു പോയ ലോറി. ലോറി ഡിവൈഡര്‍ തകര്‍ത്ത് മറുവശത്തുകൂടി പോയ ബസില്‍ ഇടിച്ചുകയറുകയായിരുന്നു. ലോറിയില്‍ അമിതഭാരം കയറ്റിയിരുന്നു. ടയറുകള്‍ പൊട്ടിയ നിലയിലായിരുന്നു. എറണാകുളം ഡിപ്പോയിലെ ആര്‍ എസ് 784 നമ്പര്‍ ബംഗളുരു-എറണാകുളം ബസാണ് അപകടത്തില്‍പെട്ടത്.
ഫെബ്രുവരി 17-നാണ് അപകടത്തില്‍പെട്ട ബസ് എറണാകുളത്തുനിന്ന് ബംഗളുരുവിലേക്കു പോയത്. തൊട്ടുപിറ്റേന്നു തന്നെ ബസ് കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്നു. എന്നാല്‍ യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ഒരു ദിവസം വൈകി പത്തൊമ്പതിനാണ് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് കൊച്ചിയില്‍ എത്തിച്ചേരേണ്ടതായിരുന്നു ബസ്. പുലര്‍ച്ചെ 3.15നായിരുന്നു അപകടം. ബസില്‍ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്. മരിച്ചവര്‍ ഏറെയും ബസിന്റെ വലതുവശത്ത് ഇരുന്നവരാണ്. ഇടതുഭാഗത്ത് ഇരുന്നവര്‍ക്ക് നേരിയ പരിക്കാണ് ഏറ്റത്. അപകടത്തില്‍ 20 പേരാണ് മരിച്ചത്. 10 പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.