മോഷണം കഴിഞ്ഞപ്പോള്‍ തോരാമഴ; മഴ മാറാൻ കാത്തുനിന്ന് ഉറങ്ങിപ്പോയി; കള്ളനെ കൈയോടെ പിടികൂടി

കോയമ്പത്തൂര്‍: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണമെടുത്തുകഴിഞ്ഞതും പെരുമഴ. മഴതോരാന്‍ കാത്തുനില്‍ക്കുന്നതിനിടെ ഉറങ്ങിപ്പോയി. അങ്ങനെ കള്ളന്‍ കൈയോടെ പിടിയിലുമായി.

കോവൈപുതൂരിനുസമീപം ബാലവിനായകര്‍ക്ഷേത്രത്തില്‍ മോഷണംനടത്തിയ പുതുച്ചേരി കാരയ്ക്കല്‍ സ്വദേശി ചിന്നയ്യനെയാണ് (42) പൂജാരിയും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്.

കഴിഞ്ഞദിവസം രാത്രി ക്ഷേത്രം കുത്തിത്തുറന്ന് അകത്തുകടന്ന ചിന്നയ്യന്‍ ഭണ്ഡാരത്തിലെ 8,250 രൂപ കവര്‍ന്നെന്ന് പോലീസ് പറയുന്നു. ഈസമയം മഴയായതിനാല്‍ അവിടെത്തന്നെ കിടന്നു. മദ്യപിച്ചിരുന്നതിനാല്‍ പെട്ടെന്ന് ഉറങ്ങിപ്പോയെന്നും പറയുന്നു.

രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി ക്ഷേത്രവാതില്‍ തുറന്നുകിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് ഭണ്ഡാരം തുറന്നുകിടക്കുന്നതായും സമീപത്ത് ചിന്നയ്യന്‍ ഉറങ്ങുന്നതായും കണ്ടത്. ഇതോടെ ക്ഷേത്രം അധികൃതരെയും നാട്ടുകാരെയും വിവരമറിയിച്ചു. അവരെത്തി ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തുടര്‍ന്ന്, കുനിയംമുത്തൂര്‍ പോലീസ് സ്ഥലത്തെത്തി ചോദ്യംചെയ്തു.

കാരയ്ക്കലില്‍ മോഷണക്കേസുകളില്‍ പ്രതിയാണ് ചിന്നയ്യനെന്നും അടുത്തിടെയാണ് കോയമ്പത്തൂരിലെത്തിയതെന്നും പോലീസ് പറഞ്ഞു. ചിന്നയ്യനില്‍നിന്നും മോഷ്ടിച്ച പണം കണ്ടെടുത്തെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News