തൊടുപുഴ: മോഷ്ടിച്ചുകൊണ്ടുപോയ സ്കൂട്ടറിൽ ഹെൽമെറ്റില്ലാതെ യുവാവിന്റെ പിൻസീറ്റ് യാത്ര. ട്രാഫിക് നിയമലംഘനം വിവിധ ജില്ലകളിലെ എ.ഐ.ക്യാമറകളിൽ പതിഞ്ഞതോടെ സ്കൂട്ടറിന്റെ ഉടമയ്ക്ക് പിഴയടയ്ക്കാൻ നോട്ടീസ്.
ഓഗസ്റ്റ് അഞ്ചിനാണ്, സെക്യൂരിറ്റി ജീവനക്കാരനായ കോട്ടയം സ്വദേശി ജോസ് കുരുവിളയുടെ സ്കൂട്ടറും മൊബൈൽ ഫോണും വെങ്ങല്ലൂർ ഷാപ്പുംപടിയിലെ വാടകവീട്ടിൽനിന്ന് കവർന്നത്. ജോസ് ജോലിചെയ്യുന്ന സെക്യൂരിറ്റി ഏജൻസിയിലുള്ള പത്തനംതിട്ട പ്രമാടം ഗോകുലത്ത് ശരത്ത് എസ്. നായർ (35), പെരിങ്ങര കിഴക്കേതിൽ കെ.അജീഷ് (37) എന്നിവരാണ് സ്കൂട്ടർ മോഷ്ടിച്ചത്.
തൊടുപുഴ പോലീസ് ഓഗസ്റ്റ് ആറിന് പ്രതികളെ ഓച്ചിറയിൽനിന്ന് പിടികൂടി. സ്കൂട്ടറും കണ്ടെടുത്തു. ഇതിനുപിന്നാലെയാണ്, നിയമലംഘനത്തിന് പിഴയടയ്ക്കണമെന്നുകാട്ടി ജോസിന് നോട്ടീസുകൾ ലഭിച്ചത്. സ്കൂട്ടർ മോഷണംപോയതാണെന്ന് അറിയിച്ചപ്പോൾ, പിഴ ഒഴിവാക്കാൻ അതത് മോട്ടോർവാഹന വകുപ്പ് ഓഫീസുകളിൽ കേസിന്റെ എഫ്.ഐ.ആർ.പകർപ്പ് നൽകാൻ നിർദേശിച്ചിരിക്കുകയാണെന്ന് ജോസ് പറഞ്ഞു.
മോഷ്ടാക്കൾ സ്കൂട്ടറുമായി ജില്ല വിട്ടിരുന്നു. സ്കൂട്ടറിന്റെ പുറകിലിരുന്നയാൾ ഹെൽമെറ്റ് വെക്കാത്തതാണ് എ.ഐ.ക്യാമറയിൽ പതിഞ്ഞത്. എന്നാൽ പിടിയിലായപ്പോഴേക്കും, ഇവർ ഓച്ചിറവരെ എത്തിയിരുന്നു. നിലവിൽ ആലുവ, ആലപ്പുഴ എന്നിവിടങ്ങളിലെ ആർ.ടി.ഓഫീസുകളിൽനിന്ന്, പിഴയടയ്ക്കണമെന്ന് അറിയിച്ച് ജോസിന്റെ ഫോണിലേക്ക് വിളി വന്നിരുന്നു. ചങ്ങനാശ്ശേരി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിൽനിന്ന് കത്തും ലഭിച്ചിട്ടുണ്ട്.
അവധിയെടുത്ത് ഇവിടങ്ങളിലെത്തി എഫ്.ഐ.ആർ. പകർപ്പ് നൽകുന്നതിലും ലാഭകരം പിഴയൊടുക്കുന്നതാണെന്ന് ജോസ് പറഞ്ഞു. കോടതിനടപടികൾ പൂർത്തിയായാലേ വാഹനവും ഫോണും തിരിച്ചുകിട്ടൂ.
അതിനിടെ ചെയ്യാത്ത കുറ്റത്തിന് ഓൺലൈൻ പിഴ ചുമത്തിയെന്ന പരാതിയുമായി ഇനി മോട്ടോർവാഹനവകുപ്പ് ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. പരാതി ഓൺലൈനായി സമർപ്പിക്കാനുള്ള സംവിധാനം സെപ്റ്റംബർ ആദ്യവാരം നിലവിൽവരും. ഇതിനായി തയ്യാറാക്കിയ സോഫ്റ്റ്‌വേറിന്റെ പരീക്ഷണം പൂർത്തിയായി. മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിൽ പരാതി സമർപ്പിക്കാനുള്ള ലിങ്ക് നിലവിൽവരും.
ഓൺലൈൻ പരാതികൾ അതത് ആർ.ടി.ഒ.മാർക്ക് കൈമാറുംവിധത്തിലാണ് ക്രമീകരണം. വ്യാജപരാതികൾ ഒഴിവാക്കാൻ എസ്.എം.എസ്. രജിസ്‌ട്രേഷൻ സംവിധാനമുണ്ടാകും. ഇ-ചെലാൻ നമ്പർസഹിതമാണ് പരാതി രജിസ്റ്റർചെയ്യേണ്ടത്. രജിസ്‌ട്രേഷൻ രേഖകളിൽ നൽകിയ വാഹനയുടമയുടെ മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന് എസ്.എം.എസ്. ലഭിക്കും. രജിസ്‌ട്രേഷൻ പൂർത്തീകരിച്ച് പരാതിസമർപ്പിക്കാം.
നിശ്ചിതദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ നടപടിയെടുക്കും. പിഴ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച സന്ദേശം വാഹനയുടമയ്ക്ക് ലഭിക്കും. കരിമ്പട്ടിക നീക്കംചെയ്യുന്നതടക്കമുള്ള കാര്യങ്ങൾക്ക് ഈ ഓൺലൈൻ പരാതിപരിഹാരസംവിധാനം ഭാവിയിൽ ഉപയോഗിക്കാനാണ് തീരുമാനം.
ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ. ക്യാമറ സംവിധാനം നിലവിൽവന്നതോടെയാണ് തെറ്റായി പിഴചുമത്തുന്നതുസംബന്ധിച്ച് പരാതി ഉയർന്നത്. വാഹനരജിസ്‌ട്രേഷൻരേഖകളിൽ ഉടമയുടെ മൊബൈൽ നമ്പർ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിൽ പിഴചുമത്തുന്ന സമയംതന്നെ സന്ദേശം ലഭിക്കും. തെറ്റായി പിഴചുമത്തിയതാണെങ്കിൽ ഉടൻ പരാതിപ്പെടാനാകും.
വൈകിയാണ് പിഴസംബന്ധിച്ച വിവരമറിയുന്നതെങ്കിൽ തെളിവുസഹിതം പരാതിപ്പെടാനുള്ള അവസരം നഷ്ടമാകും. അതിനാൽ, രജിസ്‌ട്രേഷൻരേഖകളിലെ മൊബൈൽ നമ്പർ കൃത്യമാണെന്ന് വാഹനയുടമ ഉറപ്പുവരുത്തണമെന്ന് അധികൃതർ പറഞ്ഞു.