കണ്ണൂർ: ‘സാറേ, ഞാൻ ജയിലിൽനിന്ന് ഇറങ്ങിവരുന്ന വഴിയാണ്… നാട്ടിലേക്ക് പോകുന്നതിനിടെ നിങ്ങളെയൊക്കെ കാണാൻ വന്നതാ…’ സെൻട്രൽ ജയിലിൽ തടവുശിക്ഷ കഴിഞ്ഞിറങ്ങിയ മോഷ്ടാവ് യാത്രചോദിക്കാൻ സ്റ്റേഷനിലെത്തിയതിൽ അമ്പരന്ന് പോലീസ്. യാത്രചോദിച്ച് പോകുംവഴി ബാറിൽ കയറി മദ്യപിച്ചു. റോഡരികിൽ കണ്ട ബൈക്ക് മോഷ്ടിച്ച് കടന്നു. ഒടുവിൽ പോലീസിന്റെ പിടിയിലായി വീണ്ടും ജയിലിലേക്ക്.
18 കവർച്ചക്കേസുകളിൽ പ്രതിയായ തൃശ്ശൂരിലെ ഒല്ലൂർ മറത്താക്കര സ്വദേശി ചൂണ്ടയിൽ വീട്ടിൽ ബാബുരാജ് (45) ആണ് വിചിത്രമായ ‘പണി’ പോലീസിന് കൊടുത്തത്. കവർച്ചക്കേസുകളിൽ രണ്ടുവർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ബാബുരാജ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത്.
കഴിഞ്ഞദിവസം ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി. ജയിലിന് മുന്നിൽനിന്ന് ബസ് കയറി നേരേ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക്. ജയിലിൽനിന്ന് പുറത്തിറങ്ങിയെന്നും യാത്രപറയാൻ വന്നതാണെന്നും പറഞ്ഞു. കള്ളന്റെ ‘നല്ല മനസ്സെന്ന്’ പോലീസുകാർ പരസ്പരം പറഞ്ഞു. മോഷണമൊക്കെ നിർത്തി നല്ലരീതിയിൽ ജീവിക്കാൻ ഉപദേശവും നൽകി യാത്രയാക്കി.
എന്നാൽ നഗരത്തിലെ ഒരു ബാറിൽനിന്ന് മദ്യപിച്ചിറങ്ങിയ ബാബുരാജിന് രാത്രി വൈകിയത് കാരണം നാട്ടിലേക്കുള്ള ബസ് കിട്ടിയില്ല. നടന്നുപോകുന്നതിനിടെയാണ് എസ്എൻ പാർക്കിന് സമീപം നിർത്തിയിട്ട ബൈക്ക് ശ്രദ്ധയിൽപ്പെട്ടത്. പിന്നൊന്നും നോക്കിയില്ല.
ബൈക്ക് സ്റ്റാർട്ടാക്കി ഓടിച്ചുപോയി. കൊയിലാണ്ടി എത്തിയപ്പോൾ ഇന്ധനം തീർന്നു. ഇതോടെ ബൈക്ക് ഉപേക്ഷിച്ചു. പിന്നീട് ടാങ്കർ ലോറിയിൽ കയറി തൃശ്ശൂരിലേക്ക്. ബൈക്ക് ഉടമ ബാലുശ്ശേരി സ്വദേശിയും കണ്ണൂരിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനുമായ പി.കെ. സനൂജ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ബൈക്കുമായി കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ മൂന്ന് സ്ഥലങ്ങളിൽനിന്നായി പോലീസിന് ലഭിച്ചു.
ഒടുവിൽ ബാബുരാജിനെ കൈയോടെ പൊക്കി. ജയിലിൽനിന്ന് ഇറങ്ങിയതുമുതൽ ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസിനോട് വിശദീകരിച്ചു. പുറത്തിറങ്ങി മൂന്നുദിവസത്തിനുശേഷം വീണ്ടും ജയിലിലേക്ക്.


