ഭൂവനേശ്വര്‍: നാല് പതിറ്റാണ്ടോളം നീണ്ട മോഷണ പരമ്പരയിലൂടെ 500ഓളം കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ഹേമന്ദ് ദാസ് എന്ന് പേരുള്ള ഇയാളെ ഒഡീഷയിലെ കട്ടക്കില്‍ നിന്നുമാണ് പിടികൂടിയത്. ഒഡീഷയില്‍ അടുത്തിടെ നടന്ന മൂന്ന് മോഷണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാ മോഷണങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയായിരുന്നു. 1982ല്‍ കോളജ് പഠന കാലത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഹേമന്ദ് ദാസ് ജയിലില്‍ പോയിരുന്നു. ഇവിടെ വച്ചാണ് ഇയാള്‍ തന്റെ ഗുരുവിനെ കണ്ടുമുട്ടിയത്. തുടര്‍ന്ന് ജയില്‍ മോചിതനായതിനു ശേഷം ഗുരുവിനൊപ്പം മോഷണ ജീവിതം ആരംഭിക്കുകയായിരുന്നു.
രാജ്യത്തുടനീളമുള്ള ആഡംബര ഹോട്ടലുകളില്‍ ധനികര്‍ താമസിക്കുന്ന മുറിയുടെ സമീപം താമസിച്ച് ഇവരുടെ പണം കവരുന്നതാണ് ഹേമന്ദ് ദാസിന്റെ ശൈലി. മോഷണത്തിന് ആരുടെയും സഹായം തേടില്ല. നാല് പതിറ്റാണ്ടോളം നീണ്ട മോഷണ പരമ്പരയില്‍ ഏകദേശം അഞ്ച് കോടി രൂപയോളം കവര്‍ന്നിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചു. മദ്യപിക്കുന്നതിനും വ്യഭിചരിക്കുന്നതിനുമാണ് ഇയാള്‍ പണം മുഴുവന്‍ ഉപയോഗിച്ചിരുന്നത്.
പണം മാത്രമേ താന്‍ മോഷ്ടിക്കുകയുള്ളുവെന്നും സ്വര്‍ണത്തോട് താത്പര്യമില്ലെന്നും ഇയാള്‍ പറഞ്ഞു. ഒരുപാട് വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നാല്‍ അന്വേഷണമുണ്ടാകുമെന്നും അതിനാല്‍ താന്‍ അകത്ത് പോകുമെന്നും ഇയാള്‍ ഭയന്നിരുന്നു. ഭുവനേശ്വറില്‍ മാത്രം ഇയാള്‍ക്കെതിരെ 100ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
‘എനിക്ക് 59 വയസ്സായി, ഇപ്പോള്‍ ഞാന്‍ മോഷണം അവസാനിപ്പിച്ചു. ഞാന്‍ ഒരുപാട് പണം സമ്പാദിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ദരിദ്രനാണ്. അതുകൊണ്ട് മോഷ്ടിക്കരുതെന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളതെന്ന്’ ഹേമന്ദ് ദാസ് അഭ്യര്‍ഥിച്ചു.