എന്റെ ജീവിതം നശിപ്പിച്ചിട്ടാണ് അവർ പോയത്; ഞാൻ കർമയിൽ വിശ്വസിക്കുന്നു!സഹിച്ചു ജീവിക്കേണ്ട കാര്യമില്ല: ദിയ
കൊച്ചി:സോഷ്യല്‍ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. അച്ഛന്റെയും ചേച്ചി അഹാനയുടെയും പാത പിന്തുർന്ന് സിനിമയിൽ എത്തിയെങ്കിലും ദിയ താരമാകുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം പത്ത് ലക്ഷത്തിലധികം പേരാണ് ദിയയെ ഫോളോ ചെയ്യുന്നത്. ഓസി ടോക്കീസ് എന്ന പേരില്‍ യുട്യൂബ് ചാനലും ദിയയ്ക്ക് ഉണ്ട്. രണ്ടിലൂടെയും തന്റെ വിശേഷങ്ങൾ ദിയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് ആരാധകരുമായി സംവദിക്കാനും ദിയ സമയം കണ്ടെത്താറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ ആരാധകരുടെ ഒരുപിടി ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. യൂട്യൂബ് ചാനലിൽ പങ്കുവച്ച പുതിയ വീഡിയോയിലൂടെയാണ് ദിയ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ആളുകളുടെ നിരന്തരമായ ചോദ്യം കാരണമാണ് പുതിയ വീഡിയോ എന്ന് പറഞ്ഞാണ് ദിയ സംസാരിച്ചു തുടങ്ങിയത്.
‘എവിടെവച്ച് ആരുകണ്ടാലും എന്റെ വീഡിയോസിനെക്കുറിച്ചാണ് ആളുകൾ സംസാരിക്കുന്നത്. സത്യം പറഞ്ഞാൽ ആളുകൾ ചോദിക്കുന്നത് കേട്ട് സങ്കടമാണ് വരുന്നത്. ഞാൻ അത്രയും ആക്റ്റീവ് ആയിരുന്ന വ്യക്തിയാണെന്ന് അപ്പോഴാണ് എനിക്ക് മനസിലാകുന്നത്. ഈ വീഡിയോയുമായി വരാനുള്ള കാരണവും അത് തന്നെയാണ്, ദിയ പറഞ്ഞു.
ഇഷ്ടപ്പെട്ട മലയാള സിനിമ ഏതെന്നായിരുന്നു ആദ്യ ചോദ്യം. ഒരുപാട് സിനിമകൾ ഇഷ്ടമാണ്. പഴയ കാലത്തെ സിനിമകളാണ് കൂടുതൽ ഇഷ്ടം. ബ്ളാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തെ സിനിമകൾ അല്ല. കല്യാണരാമൻ, പുലിവാൽകല്യാണം പോലെയുള്ള റൊമാന്റിക് കോമഡി സിനിമകളാണ് ഇഷ്ടം. അതേസമയം തനിക്ക് ഏറ്റവും പ്രിയങ്കരനായ നടൻ സുരാജ് വെഞ്ഞാറമ്മൂട് ആണെന്നും ദിയ വ്യക്തമാക്കി.
യൂറോപ്പിൽ സെറ്റിൽഡ് ആകാൻ പ്ലാനുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ദിയയുടെ മറുപടി. ഇവിടെയുള്ളതുപോലെയല്ല, അവിടെ മെഷീൻസിനെപ്പോലെയാണ് മനുഷ്യർ. എനിക്ക് അങ്ങനെയൊരു ജീവിതം പറ്റില്ല. എനിക്ക് ഇപ്പോൾ 25 വയസ്സായി. ഞാൻ ഈ ഒരു ചുറ്റുപാടിൽ ജനിച്ചുവളർന്ന ആളാണ്. അതുകൊണ്ടുതന്നെ അവിടെച്ചെന്നു പുതിയൊരു രീതിയിലേക്ക് മാറാൻ തനിക്ക് സാധിക്കില്ലെന്ന് ദിയ പറയുന്നു.
വീട്ടിൽ സാധാരണ ഒരു പ്രശ്നം ഉണ്ടായാൽ അതിന് അധികം ആയുസ്സുണ്ടാകില്ല. ആ വിഷയത്തെകുറിച്ച് പിന്നെയും പിന്നെയും സംസാരിക്കുന്ന ഒരു രീതി അവിടെയില്ലെന്നും ഫാമിലിയിലെ ഏറ്റവും നല്ല കാര്യമെന്തെന്ന ചോദ്യത്തിന് മറുപടിയായി താരപുത്രി പറഞ്ഞു. തുടർന്ന് തന്റെ പ്രണയബന്ധങ്ങളെ കുറിച്ചും ദിയ സംസാരിച്ചു. ഓർമ്മവച്ച കാലം തൊട്ടേ ബോയ് ഫ്രണ്ട്സ് ഒക്കെ ഉള്ള ആളായിരുന്നു താനെന്നും ചെറിയ പ്രായത്തിൽ തന്നെ പ്രേമം തോന്നിയിട്ടുണ്ടെന്നും ദിയ വ്യക്തമാക്കി.
ഒരുപാട് ആളുകൾ ദ്രോഹിച്ചുപോയിട്ടുണ്ടെങ്കിലും അവരോടൊന്നും ഒരു ദേഷ്യവുമില്ല. ഈ പറയുന്നത് ഒരാളെ മാത്രം ഉദ്ദേശിച്ചല്ല. ഒന്നിലധികം ആളുകളെ ഉദ്ദേശിച്ചാണ്. അവരെല്ലാം എന്റെ ജീവിതം കംപ്ലീറ്റായി നശിപ്പിച്ചിട്ടാണ് കടന്നുകളഞ്ഞത്. ചിരിച്ചുകളിച്ചുനടന്ന എന്നെ എങ്ങനെ കരഞ്ഞുകൊണ്ട് ഉറങ്ങാം എന്ന് പഠിപ്പിച്ച ആളുകളാണ് എന്റെ ബോയ്‌ഫ്രണ്ട്സ്. ഇതിൽ ഒരാൾ എനിക്കെതിരെ മോശമായി സംസാരിച്ചിരുന്നു. എന്നാൽ ഞാൻ മിണ്ടാതെയിരുന്നു. ഞാൻ കർമ്മയിൽ വിശ്വസിക്കുന്ന ആളാണ്. എനിക്ക് ആരോടും ദേഷ്യമില്ല. എനിക്കിപ്പോഴും ആളുകളെ സ്നേഹിക്കാൻ കഴിയും.
എന്റെ ഫോട്ടോസ് കാണുമ്പോൾ ചിലർ വന്ന് ബോയ്ഫ്രണ്ട് ആയോ എന്ന് ചോദിക്കാറുണ്ട്. എനിക്ക് ബോയ്ഫ്രണ്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്താണ്. വർഷങ്ങളോളം കൂടെ ഉണ്ടായിരുന്ന ആളാണെന്നും പറഞ്ഞ് അയാളുടെ വൃത്തികേടുകൾ എല്ലാം സഹിച്ചു, എന്തൊരു പരിശുദ്ധബന്ധം എന്നുപറഞ്ഞു നടക്കേണ്ട കാര്യമില്ല. എന്നെ അതിനു കിട്ടില്ല. മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി എനിക്ക് ജീവിക്കാൻ താത്പര്യമില്ല. ഞാൻ ഇന്നേവരെ ഒരാളെ ബോർ അടിക്കുന്നു എന്നും പറഞ്ഞുകൊണ്ട് ഒരു റിലേഷൻഷിപ്പിൽ നിന്നും ഇറങ്ങി പൊന്നിട്ടില്ല. പ്രണയത്തിന്റെ കാര്യത്തിൽ ഞാൻ സിൻസിയർ ആണ്.
നമുക്ക് ജീവിതം ഒന്നേയുള്ളു. ഒരു ബോയ്ഫ്രണ്ട് നിങ്ങളെ എന്ത് പറഞ്ഞാലും കേട്ട് അതും സഹിച്ചു ജീവിക്കേണ്ട ആവശ്യമില്ല. അല്ലെങ്കിൽ അതിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ട കാര്യവുമില്ല. അവൻ പോയാൽ പോയി, അവനെക്കാളും നല്ലൊരാൾ വരും. അയാളോട് കൂടെ ജീവിക്കൂ. പോയ ആളെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം പോലുമില്ല, ദിയ കൃഷ്ണ വീഡിയോയിൽ പറഞ്ഞു.