തിരുവനന്തപുരം: യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. പ്രളയമാണ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കയറ്റിയത് എന്നാണ് ഒരു പുരോഹിതന്‍ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ച ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് മറുപടി നല്‍ക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 600 വാഗ്ദാനങ്ങളില്‍ ചിലത് ഒഴിച്ച് മറ്റെല്ലാം കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പലതും ചാര്‍ത്താന്‍ ശ്രമിച്ചെങ്കിലും ജനം പിന്നെയും എല്‍ഡിഎഫിനെ തെരഞ്ഞെടുത്തു. ചരിത്രം തിരുത്തി ജനം തുടര്‍ഭരണം നല്‍കി. ദുരന്ത ഘട്ടങ്ങളില്‍ ലഭിക്കേണ്ട കേന്ദ്ര സഹായം കേരളത്തിന് ലഭിച്ചില്ല. സഹായിക്കാന്‍ ബാധ്യസ്ഥരായവര്‍ നിഷേധാത്മകമായി പെരുമാറി.
തകര്‍ന്ന് പോകുമായിരുന്ന ഒരു ഘട്ടമായിരുന്നു അത്. നമ്മളെ സഹായിക്കാത്തവരുടെ മുന്നില്‍ നമ്മെല്ലാവരും ചേര്‍ന്നാണ് അതിജീവിച്ച് കാണിച്ചത്. അര്‍ഹതപ്പെട്ടത് പോലും കേന്ദ്രം നമുക്ക് തരുന്നില്ല. സുപ്രീംകോടതി ഇടപെട്ടതോടെയാണ് കേന്ദ്രം വാശി തിരുത്തിയത്.
സാധാരണ ഒരു സര്‍ക്കാരും അനുഭവിക്കേണ്ടി വരാത്ത കാര്യങ്ങളാണ് നമ്മള്‍ നേരിടുന്നത്. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ നല്‍കാനായിട്ടില്ല.എല്ലാകാലത്തും ആ പ്രതിസന്ധി അവര്‍ അനുഭവിക്കേണ്ടി വരില്ല. അത് പരിഹരിക്കാനുള്ള നടപടി ഉടന്‍ ഉണ്ടാകും. ഒരു കാര്യവും കേരളത്തില്‍ നടത്തില്ലെന്ന് വാശിയുള്ളവരാണ് സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്‍ഷനെ ലക്ഷ്യമിട്ടത്.
സാമൂഹ്യ സുരക്ഷാ പെന്‍ഷന് വേണ്ടി എടുത്ത വായ്പ പൊതുകടത്തില്‍പ്പെടുത്തി. കുറച്ച് മാസം അത് കൊണ്ട് പെന്‍ഷന്‍ വിതരണം മുടങ്ങി. സുപ്രീംകോടതി ഇടപെട്ടതോടെ അത് പരിഹരിച്ചു. ഇപ്പോള്‍ കൃത്യമായി പെന്‍ഷന്‍ നല്‍കുന്നുണ്ട്.സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശ്ശികയും അതിവേഗം കൊടുത്ത് തീര്‍ക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാരണം പലതും ചെയ്യാനില്ല. മഴക്കാല പൂര്‍വ ശുചീകരണ യോഗം പോലും നടത്താനായില്ല.
ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവിടുത്തെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകണം. അത്തരം പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ജനം സര്‍ക്കാരിനൊപ്പവും സര്‍ക്കാര്‍ ജനത്തിനൊപ്പവുമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.