തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ മാറ്റമില്ലാതെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കര്‍ശന സുരക്ഷയോടെ ജൂണ്‍ 22 മുതലാണ് പരീക്ഷ നടത്തുക. സിബിഎസ്ഇ, ഐഎസ്സി 12ാം ക്ലാസ് പരീക്ഷകള്‍ പൂര്‍ണമായി റദ്ദാക്കിയ സാഹചര്യത്തില്‍ കേരള സിലബസിലെ പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുമോയെന്ന ആശങ്ക നിലനിന്നിരുന്നു.
പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഒരേ ഉപകരണങ്ങള്‍ പല വിദ്യാര്‍ഥികള്‍ ഉപയോഗിക്കേണ്ടി വരുന്നത് കൊവിഡ് പകരാന്‍ ഇടയാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ രോഗവ്യാപനം തടയാനായി കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയാവും പരീക്ഷ. വിദ്യാര്‍ത്ഥികള്‍ ഇരട്ട മാസ്ക്, ഗ്ലൗസ് സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
വിദ്യാര്‍ത്ഥികള്‍ ലാബില്‍ പ്രവേശിക്കുന്നതിന് മുന്‍പും ലാബില്‍ നിന്ന് പുറത്തേയ്ക്ക് പോകുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കണം. പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാര്‍ത്ഥികള്‍ ഒരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല.
ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാര്‍ത്ഥികളെ മറ്റ് കുട്ടികളുമായി ഇടകലര്‍ത്താതെ പ്രത്യേകമായി പരീക്ഷ നടത്തുന്നതാണ്. കോവിഡ്പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ നെഗറ്റീവ് ആകുന്ന മുറയ്ക്ക്പ്രത്യേകം പരീക്ഷാ കേന്ദ്രത്തില്‍ പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാവന്നതാണ്.