ബെതുല്‍: കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന് മുന്നില്‍ അടിപതറിയിരിക്കുകയാണ് രാജ്യം. എന്നാല്‍ ഒരൊറ്റ കോവിഡ് രോഗികള്‍ പോലുമില്ലാത്ത ഒരു ഗ്രാമമുണ്ട്. വൈറസിന്റെ മാരകമായ പിടിയില്‍ നിന്ന് രക്ഷനേടാന്‍ ഇവര്‍ക്ക് സാധിച്ചു. ഇതിന്റെ എല്ലാ ക്രെഡിറ്റും ഇവിടുത്തെ സ്്ത്രീകള്‍ക്കാണ്. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉറപ്പാക്കാനും പുറത്തുനിന്നുള്ളവര്‍ അവരുടെ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് തടയാനും താമസക്കാരെ കൊറോണ വൈറസില്‍ നിന്ന് സുരക്ഷിതമായി നിലനിര്‍ത്തുന്നതിനും എല്ലാം മുന്നില്‍ സ്ത്രീകള്‍ തന്നെയാണ്.
മധ്യപ്രദേശിലെ ബെതുലിനോട് ചേര്‍ന്ന ചിക്കലാര്‍ ഗ്രാമത്തിലെ സ്ത്രീകളാണ് ഇത്. അഞ്ച് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒന്നുപോലും ഈ ഗ്രാമത്തില്‍ നിന്നല്ല. ഗ്രാമത്തിലേക്ക് ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വടിയെടുത്ത് സ്ത്രീകള്‍ കാവല്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിക്കുന്ന ഒരു പോസ്റ്ററിന് സമീപം സ്ത്രീകള്‍ മുളയുടെ ബാരിക്കേഡ് ഇടുന്നതിലൂടെ ഗ്രാമത്തിന്റെ എല്ലാ അതിരുകളും മുദ്രയിട്ടിട്ടുണ്ട്.
മാത്രമല്ല, ഗ്രാമത്തിന് സമീപം കടന്നുപോകുന്ന സംസ്ഥാനപാതയില്‍ വരുന്ന എല്ലാവരെയും അവര്‍ നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും പുറത്തുനിന്നുള്ളവരുടെയോ അതിഥിയുടെയോ പ്രവേശനം നിരോധിച്ചതിനോടൊപ്പം തന്നെ ഗ്രാമത്തില്‍ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്ന ആളുകളെ വടിയെടുത്ത് നേരിടുകയും ചെയ്യുന്നുണ്ട് ഇവര്‍. തങ്ങളുടെ ഗ്രാമത്തെ അണുബാധയില്‍ നിന്ന് രക്ഷിക്കാന്‍ അല്‍പം കടന്ന കൈ തന്നെയാണ് ഇവര്‍ സ്വീകരിക്കുന്നത്. അതേസമയം മദ്യ വില്‍പ്പനയില്‍ കുപ്രസിദ്ധമായ ഗ്രാമമായിരുന്നു ഇത്. സ്ത്രീകള്‍ തന്നെ മുന്‍കൈയെടുത്താണ് ഇതും ഇവിടെ നിര്‍ത്തലാക്കിയത്.