തിരുവനന്തപുരം: കെ.എസ്. ആർ.ടി.സിയിൽ നിർബന്ധിത വി.ആർ.എസ് ഇല്ലെന്ന് വ്യക്തമാക്കി മാനേജ്‌മെന്റ്. ഇത് സംബന്ധിച്ച വാർത്തകൾ മാനേജ്‌മെന്റ് നിഷേധിച്ചു, വി.ആർ.എസ് നൽകേണ്ട 7200 പേരുടെ പട്ടിക തയ്യാറാക്കിയിട്ടില്ലെന്നും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് വ്യക്തമാക്കി. ജോലിക്ക് ഹാജരാകാത്ത 1243 ജീവനക്കാരുണ്ട്. ഇവർക്ക് വേണ്ടി രണ്ടു വർഷം മുൻപാണ് 200 കോടി ചോദിച്ചത്. വി.ആർ.എസ് സാദ്ധ്യത വിദൂരമെന്നും കെ.എസ്.ആർ,ടി,സി അറിയിച്ചു.
കെ എസ് ആർ ടി സിയിൽ വി.ആർ,.എസ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജുവും വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇതുവരെ ഉണ്ടായിട്ടില്ല. വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിന് റിപ്പോർട്ട് നൽകാറുണ്ട്. ഇങ്ങനെ സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശമാണോ പുറത്തുവന്നതെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
കെ എസ് ആർ ടി സിയിൽ നിർബന്ധിത വി.ആർ.എസ് നടപ്പാക്കാൻ നീക്കം നടക്കുന്നതായും ഇതിനായി 50 വയസ് പിന്നിട്ട 7200 ജീവനക്കാരുടെ പട്ടിക മാനേജ്‌മെന്റ് തയ്യാറാക്കിയെന്നും റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിനായി 1100 കോടി രൂപ വേണ്ടിവരും. ശമ്പള ചെലവിൽ 50 ശതമാനം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം 15,000 ആക്കി കുറയ്ക്കാനായിരുന്നു ധനവകുപ്പ് നിർദേശം.