കോഴിക്കോട്: ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും സംസ്‌കാരം പകർത്തിയെടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് സമസ്‌ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി.അബൂബക്കർ മുസല്യാർ. മറ്റു സമുദായങ്ങളുടെ സംസ്‌കാരം ഇങ്ങോട്ട് പകർത്തേണ്ടതില്ല. എന്നാൽ ആഘോഷങ്ങളിൽ പങ്കെടുക്കാം. അതിന് ഇതുവരെയും ആരും തടസം പറഞ്ഞിട്ടില്ലെന്നും കാന്തപുരം അബൂബക്കർ മുസല്യാർ നിലപാട് വ്യക്തമാക്കി.
രാജ്യത്ത് സൗഹൃദം വേണമെന്ന കാര്യത്തിൽ സംശയമില്ല. എല്ലാ സമുദായവും ജീവിക്കുന്ന നാടാണിത്. മമ്പുറം തങ്ങൾ, ഉമർ ഖാസി തുടങ്ങിയവരുടെ കാലത്തുതന്നെ അവരെല്ലാം അന്യമതക്കാരുമായി വളരെ സൗഹൃദത്തിൽ ജീവിച്ചു കാണിച്ചു തന്നവരാണ്. പഴയകാലം മുതൽക്കേ അന്യമതസ്‌ഥരുടെ ആഘോഷം ഇസ്‌ലാമികമാണെന്ന് വരാത്ത വിധത്തിലുള്ളതാണ്. ഇസ്‌ലാമികമായി അംഗീകരിക്കാനും നിർവാഹമില്ല. എന്നാൽ, പണ്ടൊക്കെ ചെയ്‌തത് പോലെ ഇനിയും ചെയ്യാവുന്നതാണെന്നും കാന്തപുരം വ്യക്തമാക്കി.
ശശി തരൂരിന്റെ പലസ്‌തീൻ പ്രസ്‌താവനയിൽ അഭിപ്രായം പറയേണ്ടത് താനല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയുടെ അഭിപ്രായത്തിനു മറുപടി പറയേണ്ടത് ഞാനല്ല, അദ്ദേഹം തന്നെയാണ്. രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിലേക്കുള്ള ക്ഷണത്തിൽ കോൺഗ്രസ് തന്നെ നിലപാട് പറയട്ടെ. അതിന് മറുപടി പറയാൻ കോൺഗ്രസിൽ തന്നെ നല്ല കഴിവുള്ള ആളുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്‌ത കേരള ജംഇയത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങൾ 30ന് കാസർഗോഡ് ചട്ടഞ്ചാലിൽ പ്രഖ്യാപിക്കുമെന്ന് ഗ്രാൻഡ് മുഫ്‌തി കൂടിയായ കാന്തപുരം അറിയിച്ചു. മാലിക് ഇബ്‌നു ദീനാറിന്റെ പേരിലുള്ള സമ്മേളനവേദിയിൽ തുടക്കം കുറിക്കുന്ന വാർഷികാഘോഷ പരിപാടികൾ ഏതാണ്ട് മൂന്ന് വർഷത്തോളം നീണ്ടുനിൽക്കും.
ഉത്തരേന്ത്യയിലെ മുസ്ലിം സമൂഹം ഉറങ്ങി കിടക്കുകയാണ്. അവരെ സജീവമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം ചോണ്ടിക്കാട്ടി. അവിടുത്തെ ജനങ്ങളെ തട്ടിയുണർത്താൻ അനിവാര്യമായ പ്രവർത്തനങ്ങളാണ് മൂന്ന് വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
, മുസ്ലീം സമുദായം ക്രിസ്‌തുമസ് ആഘോഷിക്കരുതെന്ന് എസ്വൈഎസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് കഴിഞ്ഞ ദിവസം പറഞ്ഞത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ക്രിസ്‌തുസ് സ്‌റ്റാർ, ക്രിസ്‌തുസ് ട്രീ. സാന്റാക്ലോസ്, പുൽക്കൂട്, ക്രിസ്‌തുസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലീം സമുദായത്തിലേക്ക് കൂടി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നായിരുന്നു ഫൈസിയുടെ മുന്നറിയിപ്.