മുംബൈ:എന്നും ക്യാമറക്കണ്ണുകളാണ് പിന്തുടരപ്പെടുന്നവരാണ് താരങ്ങള്‍. സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് തങ്ങളെ മാറ്റുകയും ഒരുക്കുകയുമൊക്കെ ചെയ്യേണ്ടി വരാറുണ്ട് താരങ്ങള്‍ക്ക്. എപ്പോഴും പിക്ചര്‍ പെര്‍ഫെക്ട് ആയിരിക്കാന്‍ വേണ്ടി ശരീരത്തില്‍ സര്‍ജറി ചെയ്യുന്നവരും ഒട്ടും ആരോഗ്യകരമല്ലാത്ത ഡയറ്റുകള്‍ പിന്തുടരുന്നവരുമുണ്ട്. തങ്ങളുടെ ശരീര ഘടനയുടെ പേരില്‍ നിരന്തരം ബോഡി ഷെയ്മിംഗ് നേരിടേണ്ടി വരുന്നവര്‍ ധാരാളമുണ്ട്.
ഇത്തരത്തിലുള്ള അനുഭവങ്ങളെക്കുറിച്ച് പലപ്പോഴായി പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. ബോഡി ഷെയ്മിംഗിനെതിരെ വളരെ ശക്തമായി തന്നെ രംഗത്തെത്തിയിട്ടുള്ള താരമാണ് റിച്ച ഛദ്ദ. തന്റെ പ്രകടന മികവു കൊണ്ടും നിലപാടുകള്‍ കൊണ്ടും കയ്യടി നേടുന്ന താരമാണ് റിച്ച. ഒരിക്കല്‍ സംവിധായകരില്‍ നിന്നും നിര്‍മ്മാതാക്കളില്‍ നിന്നും നടിമാര്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ച് റിച്ച മനസ് തുറന്നിരുന്നു.
”എന്നോട് തടി കൂട്ടാന്‍ പറഞ്ഞു. പിന്നെ പറഞ്ഞത് കുറയ്ക്കാനാണ്. മൂക്ക് ശരിയാക്കാനും ചുണ്ട് വലുതാക്കാനും പറഞ്ഞു. മാറിടം വലുതാക്കാന്‍ പറഞ്ഞു. വയറ് കുറയ്ക്കാനും മുടി വളര്‍ത്താനും വെട്ടാനും പറഞ്ഞു. നിതംബം വലുതാക്കാനുള്ള എക്‌സൈസ് ചെയ്യാന്‍ പറഞ്ഞു. ഫേക്ക് കണ്‍പീലികളും നഖവും വെക്കാന്‍ പറഞ്ഞു. സംസാരിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം, ചുണ്ടുകളെങ്ങനെയായിരിക്കണം, കണ്ണ് എങ്ങോട്ട് പോകണം എന്നൊക്കെ പറഞ്ഞു. സമ്മര്‍ദ്ദത്തിന്റെ വലിയൊരു പന്ത് വന്ന എന്നെ തകര്‍ത്തു കളഞ്ഞു” എന്നാണ് താരം പറയുന്നത്.
”സൗന്ദര്യത്തിന്റെ കാര്യത്തിലുളള കാഴ്ചപ്പാടുകള്‍ മാറുന്നുണ്ട്. നമ്മളുടെ ശില്‍പ്പങ്ങളില്‍ കണ്ടിട്ടുള്ള സ്ത്രീരൂപങ്ങളില്‍ നിന്നും, മുന്‍കാല നായികമാരുടേതില്‍ നിന്നും മാറി നേരെ പശ്ചാത്യരെ അനുകരിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണ്. അതൊട്ടും ആരോഗ്യകരമല്ല. 12 വയസുള്ളവര്‍ കലോറി എണ്ണുന്നതും ഇന്നയാളുടെ ചുണ്ട് കൊള്ളാം, മെലിഞ്ഞിരിക്കുന്നത് നോക്കൂ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. നമ്മളെ ഒരു പ്രത്യേക രീതിയില്‍ മാത്രം കാണാന്‍ തുടങ്ങുന്നതോടെ വരുന്ന ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍ ആണിത്. സ്ത്രീകള്‍ കടന്നു പോകുന്നതെന്തൊക്കെയെന്ന് ദൈവത്തിനേ അറിയൂ” എന്നും താരം പറയുന്നു.
”അഭിനേതാവുന്നതോടെ ഭക്ഷണം കഴിക്കുന്നത് തന്നെ നിര്‍ത്തും. റൊട്ടി കഴിക്കില്ല, പച്ചക്കറി കഴിക്കില്ല, ചോറ് കഴിക്കില്ല. പ്രോട്ടീനും ഗുഡ് കാര്‍ബ്‌സും ഡുഗ് ഫാറ്റും ഗുഡ് കൊളസ്‌ട്രോലും കഴിക്കാന്‍ തുടങ്ങും. എല്ലാം കണക്കനസുരിച്ചാകും. ഞാന്‍ കൂടുതല്‍ കഴിച്ചു പോയി എന്ന് പറയും. ഉറക്കമില്ലാതാകും. വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങും. എന്നിട്ടും തടിയാണെന്ന് തോന്നും. പിന്നേയും വര്‍ക്കൗട്ട് ചെയ്യും. ആദ്യം ആഴ്ചയിലൊന്നാകും. പിന്നെ രണ്ടും മൂന്നും തവണയാകും. പിന്നെയത് എല്ലാ ഭക്ഷണത്തിന് ശേഷവുമാകും. പിന്നെ ഭക്ഷണം കഴിച്ചതിന് തന്നെ കുറ്റബോധം തോന്നും”
”എനിക്ക് പ്രശ്‌നമാണെന്ന് മനസിലാകുന്നത്, എന്തിനാണ് ഇരുന്ന് കഴിക്കുന്നത് പകരം ഒരു ഗുളിക വിഴുങ്ങുകയോ ഡ്രിപ്പ് ഇടുകയോ ചെയ്താല്‍ മതിയല്ലോ എന്ന് ചിന്തിക്കാന്‍ തുടങ്ങിയതോടെയാണ്” എന്നാണ് റിച്ച പറയുന്നത്.
ചെറിയ വേഷങ്ങൡലൂടെ ശ്രദ്ധ നേടിയാണ് റിച്ച ബോളിവുഡില്‍ നിറ സാന്നിധ്യമായി മാറുന്നത്. ഓയ് ലക്കി ലക്കി ഓയ് ആണ് ആദ്യ സിനിമ. ഗ്യാങ്‌സ് ഓഫ് വസീപൂറിലെ പ്രകടനത്തിലൂടെയാണ് റിച്ച താരമായി മാറുന്നത്. തുടര്‍ന്ന് ഫുക്രെ, മാസാന്‍, ലവ് സോണിയ, കാബറെ, സെക്ഷന്‍ 375, പങ്ക, മാഡം ചീഫ് മിനിസ്റ്റര്‍ തുടങ്ങി നിരവധി സിനിമകളുടേയും സീരീസുകളുടേയും ഭാഗമായി. അഭി തോ പാര്‍ട്ടി ഷുരു ഹുയി ഹേ, ഫുക്രെ 3 എന്നിവയാണ് അണിയറയിലുള്ളത്.