ചെന്നൈ: കൃത്യമായ ആരോഗ്യ പരിപാലന രീതികൾ പിന്തുടരുന്നതിനാൽ താനും മകൻ ഉദയനിധിയും സഹോദരന്മാരാണോ എന്നു പലരും ചോദിക്കാറുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. വിദേശ സന്ദർശനങ്ങളിലാണ് ഇത്തരം ചോദ്യങ്ങളെ നേരിടേണ്ടി വരുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി, ശരിയായ വ്യായാമത്തിനു സമയം കണ്ടെത്തുന്നതിനാലാണ് ശരീരം നന്നായി പരിപാലിക്കാൻ കഴിയുന്നതെന്നും വിശദീകരിച്ചു.
ചെന്നൈ കോർപറേഷൻ സംഘടിപ്പിച്ച ‘ഹാപ്പി സ്ട്രീറ്റ്’ പദ്ധതിയിൽ പങ്കെടുക്കുകയായിരുന്നു സ്റ്റാലിൻ. ചെന്നൈ ദിനാഘോഷത്തോട് അനുബന്ധിച്ച് ബസന്റ് നഗർ എലിയട്ട്സ് ബീച്ച് സന്ദർശിച്ച സ്റ്റാലിൻ കുട്ടികൾക്കൊപ്പം ബാസ്കറ്റ് ബോളും ബാഡ്മിന്റനും കളിക്കാൻ സമയം കണ്ടെത്തി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായി സ്റ്റാലിൻ കേരളത്തിലെത്തും. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ – നിക്കോബാർ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്ന ദക്ഷിണ മേഖലാ കൗൺസിൽ സെപ്റ്റംബർ മൂന്നിനു തിരുവനന്തപുരത്താണു നടക്കുക. അയൽ സംസ്ഥാനങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ യോഗം വിശദമായി ചർച്ച ചെയ്യും.
മുല്ലപ്പെരിയാർ, കാവേരി നദീജല പ്രശ്നം, ആന്ധ്ര നിർമിക്കാനൊരുങ്ങുന്ന അണക്കെട്ട് തുടങ്ങിയവ സംബന്ധിച്ച വിഷയങ്ങളാകും തമിഴ്നാടിനു വേണ്ടി സ്റ്റാലിൻ ഉന്നയിക്കുക. മുല്ലപ്പെരിയാർ ബേബി ഡാമിനു സമീപമുള്ള മരങ്ങൾ വെട്ടിനീക്കാൻ തമിഴ്നാട് വീണ്ടും കേരളത്തിന്റെ അനുമതി തേടിയിരിക്കുന്നതിനാൽ ഇരു സംസ്ഥാനങ്ങളും യോഗത്തെ പ്രാധാന്യത്തോടെയാണു കാണുന്നത്.