EntertainmentKeralaNews

‘അന്ന് എന്നെ വിളിച്ചിട്ട് ധൈര്യമായി ഇരിക്കൂ, കൂടെയുണ്ടെന്ന് പറഞ്ഞു’; സുരേഷ് ഗോപിയെ കുറിച്ച് അശ്വതി ശ്രീകാന്ത്

കൊച്ചി:മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ പിന്നെ ഹീറോ സുരേഷ് ഗോപിയാണെന്ന് ആരാധകർ വിലയിരുത്തിയ കാലമുണ്ടായിരുന്നു. ഇടയ്ക്ക് സിനിമകളിൽ നിന്നും ഇടവേളയെടുത്ത സുരേഷ് ഗോപി ഇപ്പോൾ പാപ്പനിലൂടെ ശക്‌തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

നടനെന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലുമെല്ലാം എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കരുതലും സ്നേഹവും പലകുറി സഹപ്രവർത്തകരും പൊതുജനങ്ങളുമെല്ലാം നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.

ഉയർന്ന സാമൂഹിക പ്രതിബദ്ധത വച്ച് പുലർത്തുന്ന താരം സിനിമ രംഗത്തും പുറത്തുമുള്ള നിരവധിപേരെയാണ് താരം സാമ്പത്തികമായും അല്ലാതെയും സഹായിച്ചിട്ടുള്ളത്. ഇതിൽ ചിലതെല്ലാം വലിയ രീതിയിൽ വാർത്തയാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ സഹജീവികളോട് അദ്ദേഹം കാണിക്കുന്ന കരുതൽ സ്വയം അനുഭവിച്ചറിഞ്ഞതിനെ കുറിച്ച് പറയുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.

സുരേഷ് ഗോപി ഫാൻസ്‌ മീറ്റ് എന്ന ബിഹൈൻഡ് വുഡ്സിന്റെ പരിപാടിയിലാണ് ഷോയുടെ അവതാരക കൂടിയായ അശ്വതി തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടക്കുന്ന സമയത്ത് സുരേഷ് ഗോപി തന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുകയും ധൈര്യമായിരിക്കു, കൂടെയുണ്ടെന്ന് പറയുകയും ചെയ്‌തെന്നാണ് അശ്വതി പറഞ്ഞത്. തനിക്ക് ഇത് ഇവിടെ പറയണം എന്ന് പറഞ്ഞു കൊണ്ടാണ് അശ്വതിയുടെ വാക്കുകൾ തുടങ്ങിയത്.

‘കുറച്ചു കാലം മുൻപ് സോഷ്യൽ മീഡിയയിൽ ഒരു സൈബർ അറ്റാക്ക് എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ഒരു സംഭവം എനിക്കെതിരെ നടന്നിരുന്നു. ഞാൻ അതിന് മറുപടി കൊടുക്കുകയും ആ മറുപടി വൈറലാവുകയും ചെയ്ത സമയത്ത്. ഞാൻ ജോലി ചെയ്‌തിരുന്ന ചാനലിൽ വിളിച്ച് അവിടെന്ന് നമ്പർ എടുത്ത് എന്നെ ഇദ്ദേഹം വിളിച്ചിരുന്നു.’

‘എന്നിട്ട് നമ്മളൊക്കെ കൂടെയുണ്ട്. ധൈര്യമായിട്ടിരിക്കു. ആ മറുപടി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞു. ആ മൊമന്റ് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഞാൻ ഇത് ആരാണ് എന്നെ വിളിച്ചത് എന്നൊക്കെ ഓർത്ത് അത്ഭുതപ്പെട്ടു.’ അശ്വതി പറഞ്ഞു. അന്ന് അങ്ങനെ ഒരു പിന്തുണ വേണ്ടി വരും എന്ന് തോന്നിയാണ് അങ്ങനെ നമ്പർ തിരഞ്ഞെടുത്ത് വിളിച്ചതെന്ന് സുരേഷ് ഗോപിയും പറഞ്ഞു. പലരും അത് ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടാകും എന്നാൽ തനിക്ക് അത് ചെയ്യാൻ പറ്റി. അത്രയേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചുമ്മ കയ്യടികൾക്കായി താൻ ഒന്നും ചെയ്യാറില്ലെന്നും താൻ ചെയ്യുന്നത് സാമൂഹിക പ്രവർത്തികൾ ആണെന്നും സുരേഷ് ഗോപി അഭിമുഖത്തിനിടയിൽ പറയുന്നുണ്ട്. പാപ്പനാണ് സുരേഷ് ഗോപിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒറ്റക്കൊമ്പൻ, മേ ഹൂ മൂസ തുടങ്ങിയ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ഇത് കൂടാതെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button