കോട്ടയം : എറണാകുളം, കൊല്ലം – പാസഞ്ചറിലെ വിദ്യാർത്ഥിനിയുടെ മൊബൈൽ മോഷ്ടിച്ച പ്രതിയെ കോട്ടയം റെയിൽവേ പോലീസ് തന്ത്രപരമായി കുടുക്കി. പ്രതി സ്ഥിരം മോഷണക്കേസിലെ പ്രതിയാണെന്ന് കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി ജോസഫ് അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകുന്നേരം 05.40 നുള്ള കൊല്ലം പാസഞ്ചറിൽ യാത്രചെയ്യാനെത്തിയ വിദ്യാർത്ഥിനികളിൽ ഒരാളുടെ മൊബൈൽ ഫോൺ അബ്ബാസ് മോഷ്ടിക്കുകയായിരുന്നു. പ്ലാറ്റ് ഫോമിൽ നിന്ന് ട്രെയിനിലേയ്ക്ക് കയറുമ്പോൾ തന്നെ ഫോൺ നഷ്ടപ്പെട്ട വിവരമറിഞ്ഞ പെൺകുട്ടി കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു.
ക്യാമറ ചിത്രങ്ങളിൽ നിന്ന് പെൺകുട്ടി സംശയം പ്രകടിപ്പിച്ചയാളെ കേന്ദ്രീകരിച്ച് സിവിൽ പോലീസ് ഓഫീസർമാരായ കെ.സി രാഹുൽ, സനുസോമൻ, എൻ. മൻസൂർ എന്നിവർ നടത്തിയ അന്വേഷണത്തിൽ പ്രതിയെ നാഗമ്പടം സ്റ്റാൻഡിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരത്തോടെ പിടികൂടുകയായിരുന്നു.
പ്രതിയുടെ ചിത്രം യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിലിന്റെ എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും റെയിൽമൈത്രി ഗ്രൂപ്പുകളിലും ഷെയർ ചെയ്യപ്പെട്ടിരുന്നു. പ്രതിയുടെ കൂടെ ഉണ്ടായിരുന്നവർ കായംകുളത്ത് ഇറങ്ങിയതായി യാത്രക്കാർ സംശയം പ്രകടിപ്പിച്ചെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ജെ. പോലീസിനെ അറിയിച്ചിരുന്നു.
കോട്ടയം എസ്.എച്ച്. ഒ. റെജി പി ജോസഫിന്റെ നിർദേശപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ തിരിച്ചറിഞ്ഞ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ കെ.സി രാഹുൽ, സനു സോമൻ, മൻസൂർ എന്നിവർ നാഗമ്പടം ബസ് സ്റ്റാൻഡിന്റെ പരിസരത്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ പോലും അറിയാതെയാണ് അബ്ബാസ് സൈനുദ്ദീൻ മൊബൈൽ മോഷ്ടിച്ചത്.
പ്രതിയെ മജിസ്‌ട്രെറ്റിന്റെ മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയിൽവേ സ്റ്റേഷനിൽ ബാഗുകളുടെയും മൊബൈലുകളുടെയും മോഷണം വർദ്ധിക്കുന്നതായും യാത്രക്കാരുടെ അശ്രദ്ധയാണ് മോഷണത്തിന് അവസരം സൃഷ്ടിക്കുന്നതെന്നും കോട്ടയം സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി ജോസഫ് അഭിപ്രായപ്പെട്ടു.