മരയ്ക്കാര്‍ റിലീസ് ദിവസം തീയറ്ററുകളില്‍ കരിങ്കൊടി,നിലപാട് കടുപ്പിച്ച് ഉടമകള്‍

കൊച്ചി: മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് കടുപ്പിച്ച് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് . ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളില്‍ കരങ്കൊടി കെട്ടുമെന്ന് ഫിയോക് അറിയിച്ചു. ഇന്ന് നടന്ന യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ രാജി ഫിയോക് ജനറല്‍ ബോഡി ചര്‍ച്ച ചെയ്യും.

അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടി പോയാലും സിനിമാ തിയറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞിരുന്നു. സിനിമയോ തിയറ്ററുകളോ ഒരുകാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നില്‍ക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു. മരക്കാര്‍ ഉള്‍പ്പെടെ മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദിന്റെ അഞ്ച് സിനിമകള്‍ ഒടിടി റിലീസുകള്‍ ആയിരിക്കുമെന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തെ സൂചിപ്പിച്ചായിരുന്നു വിജയകുമാറിന്റെ അഭിപ്രായ പ്രകടനം.

കഴിഞ്ഞ ദിവസമാണ് മരക്കാര്‍ ഉള്‍പ്പടെയുള്ള അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്. പൃഥ്വിരാജിന്റെ ബ്രോ ഡാഡി (Bro Daddy), ജീത്തു ജോസഫിന്റെ 12ത്ത് മാന്‍ (12th Man), ഷാജി കൈലാസിന്റെ എലോണ്‍ (Alone), കൂടാതെ ‘പുലിമുരുകന്’ ശേഷം മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രവും ഒടിടി റിലീസ് ആയിരിക്കുമെന്ന് ആന്റണി അറിയിച്ചിരുന്നു.

15 കോടി മുന്‍കൂര്‍ തൂക, ആദ്യ മൂന്നാഴ്ച മരക്കാര്‍ മാത്രം പരമാവധി തിയേറ്ററുകളില്‍ എന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉപാധി ഫിയോക് അംഗീകരിച്ചിരുന്നു. എന്നാല്‍ നഷ്ടമുണ്ടായാല്‍ തിയേറ്റര്‍ വിഹിതത്തില്‍ നിന്നും പത്ത് ശതമാനമെന്ന ഉപാധിയില്‍ തട്ടിയാണ് റിലീസ് ഒടിടിക്ക് പോയത്. നിര്‍മ്മാതാവ് യഥാര്‍ത്ഥ കണക്ക് നിരത്തുന്നില്ലെന്നാണ് ഫിയോക് പറയുന്നത്.

ഒടിടിയില്‍ ആമസോണ്‍ അടക്കമുള്ള പ്‌ളാറ്റ് ഫോമുകള്‍ മരക്കാറിന് വെച്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങള്‍ കൂടി ഉള്ളതിനാല്‍ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പന്‍ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News