കൊച്ചി: രണ്ടുവര്‍ഷം മുന്‍പ് കൊച്ചിയില്‍നിന്ന് കാണാതായ യുവാവിനെ ഗോവയില്‍വെച്ച് കൊലപ്പെടുത്തിയെന്ന് പോലീസിന്റെ കണ്ടെത്തല്‍. 2021-ല്‍ കൊച്ചിയില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയിസ്(27) ആണ് ഗോവയില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂര്‍ സ്വദേശികളായ അനില്‍ ചാക്കോ, സ്‌റ്റെഫിന്‍, വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്.
മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് മൂന്നംഗസംഘം യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. 2021-ല്‍ ജെഫ് ജോണ്‍ ലൂയിസിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
ഇതിനിടെയാണ് മറ്റൊരുകേസില്‍ അറസ്റ്റിലായ ഒരാളില്‍നിന്ന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. ഒരുയുവാവിന്റെ കൊലപാതകം നടന്നതായുള്ള വിവരം തനിക്കറിയാമെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് മിസിങ് കേസുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയും കൊല്ലപ്പെട്ടത് ജെഫ് ജോണ്‍ ലൂയിസ് ആണെന്ന് കണ്ടെത്തുകയുമായിരുന്നു.
ജെഫ് ജോണ്‍ ഒന്നാംപ്രതിയായ അനിലിനെ ഒരുകേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന് സംശയിച്ച് പ്രതികള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. ഇതാണ് ഗോവയില്‍വെച്ചുള്ള കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികവിവരം.
നാലുപേരും ഒരുമിച്ചിരിക്കുന്നതിനിടെ പ്രതികള്‍ ചുറ്റിക കൊണ്ട് ജെഫ് ജോണിന്റെ തലയ്ക്കടിക്കുകയും കത്തി കൊണ്ട് കഴുത്ത് മുറിക്കുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത മൂന്നുപ്രതികളെയും ശനിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.