ലണ്ടൻ: ഓൺലൈൻ സൈറ്റുകളിലും പത്രങ്ങളിലും ഒരുപാട് വിവാഹ പരസ്യങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ വിവാഹം ആലോചിക്കുന്നുണ്ടെന്ന വാർത്ത ഒരു കൂറ്റൻ പരസ്യ ബോർഡിലൂടെ നാട്ടുകാരെ അറിയിച്ചാൽ എങ്ങനെയുണ്ടാകും. അങ്ങനെയൊരു സാഹസമാണ് ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരൻ മുഹമ്മദ് മാലിക് ചെയ്തത്. ബെർമിങ്ഹാമിലാണ് 29-കാരനായ മാലിക് തന്റെ ചിത്രമടക്കമുള്ള പരസ്യബോർഡുകൾ സ്ഥാപിച്ചത്.
ചെരിഞ്ഞു കിടക്കുന്ന തന്റെ ചിത്രത്തിനൊപ്പം ‘എന്നെ അറേഞ്ച്ഡ് മാര്യേജിൽ നിന്ന് രക്ഷിക്കൂ’ എന്നൊരു പരസ്യ വാചകവും എഴുതിയിട്ടുണ്ട്. അതിന് താഴെ തന്റെ വെബ്സൈറ്റിൻറെ വിലാസവും (Findmalikawife.com) മാലിക് കൊടുത്തിട്ടുണ്ട്. താത്പര്യമുള്ളവർക്ക് ആ വെബ്സൈറ്റ് വഴി ബന്ധപ്പെടാം.
തന്റെ ആവശ്യങ്ങളും സങ്കൽപങ്ങളുമെല്ലാം അറിയിച്ചുകൊണ്ട് സ്വന്തം വെബ്സൈറ്റിലൂടെ മാലിക് പങ്കുവെച്ച വീഡിയോയും വൈറലാണ്. ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന പഞ്ചാബി കുടുംബത്തിൽനിന്നുള്ള പെൺകുട്ടിയെയാണ് പ്രതീക്ഷിക്കുന്നതെന്ന് വീഡിയോയിൽ പറയുന്നു.