ചണ്ഡീഗഡ്: ശാരീരിക വൈകല്യമുള്ള യുവാവിന് ഹിസാര്‍ കുടുംബകോടതി അനുവദിച്ച വിവാഹമോചനം പഞ്ചാബ് -ഹരിയാന ഹൈക്കോടതി ശരിവച്ചു.50 ശതമാനം ശ്രവണശേഷി മാത്രമേ യുവാവിനുള്ളൂ. ഭാര്യയുടെ മാനസിക പീഡനം കാരണം തന്റെ ഭാരം 74 കിലോഗ്രാമില്‍ നിന്ന് 53 കിലോഗ്രാമായി കുറഞ്ഞുവെന്നാണ് പരാതിക്കാരന്റെ വാദം.
കുടുംബ കോടതിയിലെ വിവാഹ മോചന ഉത്തരവിനെതിരെ ഭാര്യ നല്‍കിയ അപ്പീലാണ് കോടതി തള്ളിയത്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ യുവതി നല്‍കിയ എല്ലാ ക്രിമിനല്‍ പരാതികളും കേസുകളും തെറ്റാണെന്ന് കോടതി കണ്ടെത്തി.
ജസ്റ്റിസ് റിതു ബഹ്രി, ജസ്റ്റിസ് അര്‍ച്ചന പുരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹിസാര്‍ സ്വദേശിയായ യുവതി സമര്‍പ്പിച്ച അപ്പീല്‍ തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്. 2019 ആഗസ്റ്റ് 27ലെ വിവാഹ മോചന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഇതോടെ കുടുംബ കോടതി നല്‍കിയ വിവാഹമോചനം ഹൈക്കോടതി ശരിവച്ചു.
2012 ഏപ്രിലില്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക്‌ഒരു മകളുണ്ട്. യുവാവ് ബാങ്കിലാണ് ജോലി ചെയ്യുന്നത്. യുവതി ഹിസാറിലെ ഒരു സ്വകാര്യ സ്കൂളില്‍ അധ്യാപികയാണ്. ഇവരുടെ മകള്‍ പിതാവിനോടൊപ്പമാണ് താമസിക്കുന്നത്.
ഭാര്യ അമിത ദേഷ്യക്കാരിയും തന്റെ കുടുംബത്തോട് യോജിച്ച് പോകാന്‍ കഴിയാത്ത വ്യക്തിയുമാണെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. നിസ്സാര കാര്യങ്ങളെച്ചൊല്ലി പോലും ഇവര്‍ വഴക്കുണ്ടാക്കുമായിരുന്നു. അതിനാല്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ താന്‍ നിരന്തരം അപമാനിക്കപ്പെട്ടിരുന്നുവെന്നും എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച് നിശബ്ദത പാലിക്കുകയായിരുന്നുവെന്നും യുവാവ് വ്യക്തമാക്കി. എന്നാല്‍ ഭാര്യയുടെ പെരുമാറ്റത്തില്‍ ഒരു മാറ്റവുമുണ്ടായില്ല.
വിവാഹ സമയം വരെ 74 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്ന് കോടതിയില്‍ വാദിച്ച യുവാവ് വിവാഹ ശേഷം ഭാരം 53 കിലോ ആയി കുറഞ്ഞുവെന്നും വ്യക്തമാക്കി.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് താന്‍ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഭര്‍ത്താവിനോട് പെരുമാറിയിട്ടുള്ളതെന്ന് യുവതി വാദിച്ചു. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം, ഭര്‍ത്താവും കുടുംബാംഗങ്ങളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും യുവതി അവകാശപ്പെട്ടു.
കേസിന്റെ വിചാരണ വേളയില്‍, 2016 ല്‍ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചുവെന്നും മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ചെന്നും ഒരിക്കലും അവളെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തി. ഭര്‍ത്താവിന്റെ കുടുംബം ഒരിക്കലും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും വിവാഹത്തിന് ശേഷം സ്ത്രീയുടെ ഉന്നത പഠനത്തിന് പോലും പണം നല്‍കിയിരുന്നുവെന്നും കോടതി കണ്ടെത്തി.
പരാതിക്കാരി ഒരു വിദ്യാസമ്പന്നയായ സ്ത്രീയാണെന്ന വസ്തുത കണക്കിലെടുത്ത്, 2013ലും 2019 ലും ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും എതിരെ ക്രിമിനല്‍ പരാതികള്‍ നല്‍കിയ യുവതിയ്ക്ക് അതിന്റെ ഫലങ്ങളെക്കുറിച്ച് അറിയാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.