News

റഷ്യന്‍ സൈനികന് വഴിയരികില്‍ യുക്രൈനികളുടെ ചായ സല്‍ക്കാരം; അമ്മയെ വിളിക്കാന്‍ ഫോണ്‍; വിഡിയോ

കീവ്: കീഴടങ്ങിയ റഷ്യന്‍ സൈനികന് ചായയും മധുര പലഹാരങ്ങളും നല്‍കി യുക്രൈനികള്‍ സല്‍ക്കരിക്കുന്നതിന്റെ വിഡിയോ വൈറല്‍. യുക്രൈന്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. അതേസമയം ഈ വിഡിയോയുടെ ആധികാരികത വ്യക്തമല്ല.

കീഴടങ്ങിയ റഷ്യന്‍ സൈനികന് നാട്ടുകാര്‍ ചായയും പലഹാരങ്ങളും നല്‍കുന്നതാണ് വിഡിയോയില്‍ ഉള്ളത്. സൈനികനു ചുറ്റിലുമായി യുക്രൈനികള്‍ കൂടിനില്‍ക്കുന്നുണ്ട്. മൊബൈല്‍ ഫോണില്‍ അമ്മയെ വിളിച്ചു സംസാരിക്കാനും നാട്ടുകാര്‍ സൗകര്യം ചെയ്തുകൊടുത്തു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൈനികന്‍ അമ്മയോടു സംസാരിച്ചത്. റഷ്യന്‍ ആക്രമണത്തിന് എതിരായ യുക്രൈനി പ്രചാരണ പരിപാടിയുടെ ഭാഗമാണോ വിഡിയോ എന്നു വ്യക്തമല്ല. ഇരുപക്ഷവും പരസ്പരം ദുര്‍ബലപ്പെടുത്തുന്നതിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.

യുക്രൈനിലെ യുദ്ധത്തില്‍ 498 റഷ്യന്‍ സൈനികര്‍ മരിച്ചെന്ന് മോസ്‌കോ സ്ഥിരീകരിച്ചു. 1597 സൈനികര്‍ക്ക് പരിക്കേറ്റു. 2870 യുക്രൈന്‍ സൈനികരെ വധിച്ചെന്നും റഷ്യ പറഞ്ഞു. സൈനിക നടപടി തുടങ്ങിയശേഷം ഇതാദ്യമായാണ് ആള്‍നാശമുണ്ടായെന്ന റഷ്യയുടെ വെളിപ്പെടുത്തല്‍. ഇന്ത്യക്കാരെ യുക്രൈന്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് റഷ്യ ആരോപിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രൈന്‍ സൈന്യമാണെന്നും റഷ്യ കുറ്റപ്പെടുത്തി.

അതേസമയം 9000 റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയതായി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു. യുക്രൈനെയും ജനങ്ങളെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് സെലെന്‍സ്‌കി കുറ്റപ്പെടുത്തി.യുക്രൈന്‍ റഷ്യന്‍ സൈന്യത്തെ ധീരമായി ചെറുത്തുനിന്നെന്ന് സെലന്‍സ്‌കി പറഞ്ഞു. റഷ്യയുടെ പദ്ധതികളെ കീവ് തകിടം മറിച്ചെന്നും യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു

യുദ്ധത്തില്‍ ഇതുവരെ 14 കുട്ടികളുള്‍പ്പെടെ രണ്ടായിരത്തിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ വ്യക്തമാക്കി. യുദ്ധഭീതിയില്‍ 8,36,000 പേര്‍ നാടുവിട്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. റഷ്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായക്കോടതി അന്വേഷണം ആരംഭിച്ചു. യുക്രൈന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.റഷ്യ-യുക്രൈന്‍ യുദ്ധം ഒരാഴ്ച പിന്നിടുമ്പോള്‍ കൂടുതല്‍ രക്തരൂഷിതമാകുകയാണ്. യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കി.

തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യന്‍സേന വിവിധ നഗരങ്ങളില്‍ ബോംബിട്ടു. ഹാര്‍കിവില്‍ റഷ്യ ക്രൂസ് മിസൈല്‍ ആക്രമണം നടത്തി. കരിങ്കടല്‍ തീരനഗരമായ ഖെര്‍സോനിന്റെ നിയന്ത്രണം കൈക്കലാക്കിയെന്ന് റഷ്യ അവകാശപ്പെട്ടു.ഹര്‍കീവിലെ നഗരകൗണ്‍സില്‍ ഓഫീസിനുനേരെ റഷ്യ നടത്തിയ ക്രൂസ് മിസൈല്‍ ആക്രമണത്തില്‍ നാലുപേര്‍ മരിച്ചെന്ന് യുക്രൈന്‍ അറിയിച്ചു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ഹാര്‍കിവിലെ പൊലീസ് ആസ്ഥാനവും സര്‍വകലാശാലാ കെട്ടിടങ്ങളും റഷ്യന്‍ സേന തകര്‍ത്തു. മരിയുപോള്‍ നഗരവും റഷ്യന്‍ പട വളഞ്ഞിരിക്കുകയാണ്. കീവ് ലക്ഷ്യമാക്കി റഷ്യയുടെ 65 കിലോമീറ്റര്‍ സേനാവ്യൂഹം യാത്ര തുടരുകയാണ്. ഇതിന്റെ വേഗം കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button