31.1 C
Kottayam
Saturday, May 4, 2024

ട്രെയിനിന് തീയിട്ടത് ബംഗാൾ സ്വദേശി, സംഭവത്തിന് പിന്നിൽ സുരക്ഷാ ജീവനക്കാരനുമായുള്ള തർക്കം,പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്നും സൂചന

Must read

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗിയിൽ തീയിട്ടതിൽ കസ്റ്റഡിയിലെടുത്തത് ബംഗാൾ സ്വദേശിയെ. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബംഗാൾ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇക്കാര്യം പൊലീസോ റെയിൽവേ അധികൃതരോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സുരക്ഷാ ജീവനക്കാരനും കസ്റ്റിഡിയിലുള്ള ബംഗാൾ സ്വദേശിയും തമ്മിൽ കഴിഞ്ഞ ദിവസം രാത്രി തർക്കമുണ്ടായെന്ന് വിവരമുണ്ട്. ഇതിന്റെ പകയാണ് ട്രെയിനിന് തീയിടുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. ബംഗാൾ സ്വദേശിയെ സുരക്ഷാ ജീവനക്കാരൻ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.

അതേസമയം തർ‌ക്കത്തിനിടയാക്കിയതെന്തെന്നും തീയിട്ടത് എങ്ങനെയാണെന്നുമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് നിഗമനം. രണ്ടു മാസം മുൻപ് റെയിൽവേ സ്റ്റേഷന് സമീപത്ത് ട്രാക്കിനരികിൽ തീയിട്ടതും ഇയാളെന്ന് പറയുന്നുണ്ട്,​ അന്ന് പിടികൂടിയിരുന്നെങ്കിലും മാനസിക പ്രശ്നുമുള്ളതിനാൽ വിട്ടയച്ചെന്നും പറയപ്പെടുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷന് മൂന്നാം പ്ലാറ്റ് ഫോമിന് സമീപത്തായി ഏട്ടാമത്തെ യാർഡിൽ നിറുത്തിയിട്ടിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിന്റെ ബോഗിക്കാണ് തീ പിടിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. രാത്രി പതിനൊന്നേ മുക്കാലിന് യാത്ര അവസാനിപ്പിച്ചശേഷം നിറുത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ. ബോഗി തീ പിടിച്ച സ്ഥലത്തിന് കഷ്ടിച്ച് നൂറുമീറ്റർ മാറിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇന്ധന സംഭരണ കേന്ദ്രം. കൂടുതൽ ബോഗികളിലേക്ക് തീ പടരുകയും അത് ഇന്ധന സംഭരണിയിലേക്ക് എത്തുകയും ചെയ്തിരുന്നതെങ്കിൽ ദുരന്തം ഭയാനകമാകുമായിരുന്നു.

ഏലത്തൂർ ട്രെയിൻ തീവയ്പ്പിന് സമാനമാണ് കണ്ണൂരിൽ ഉണ്ടാതെന്നാണ് എൻ ഐ എയുടെ പ്രാഥമിക വിലയിരുത്തൽ. എലത്തൂരിൽ ഷാരൂഖ് സെയ്‌ഫി ഇന്ധനം കൊണ്ടുവന്ന് ട്രെയിനിനുള്ളിൽ തളിച്ചാണ് തീ വച്ചത്. അതുപോലെതന്നെയാണ് പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും വ്യക്തമാക്കുന്നത്. ആദ്യം ബോഗിക്കുള്ളിൽ പുക കണ്ടെന്നും എന്നാൽ പൊടുന്നനെ ബോഗിയിൽ ഒന്നാകെ തീ ആളിപ്പടരുകയുമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ബോഗിയുടെ ഏതാണ്ടെല്ലാ സ്ഥലത്തുനിന്നും ഒരേസമയം തീ ആളിപ്പടർന്നു എന്നും അവർ പറയുന്നുണ്ട്. ഇരുമ്പ് ഭാഗങ്ങളാണ് കൂടുതൽ എന്നതിനാൽ പെട്രോൾ പോലെ എളുപ്പത്തിൽ തീ പിടിക്കുന്ന ഇന്ധനം ഉപയോഗിക്കാതെ ഇത്തരത്തിൽ തീ പടരിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബോഗിക്കുളളിൽ ഇന്ധനം സ്പ്രേചെയ്ത് കത്തിച്ചതാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week