KeralaNews

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; ഇത്തവണ കൊന്നത് പശുവിനെ

മാനന്തവാടി: വയനാട്ടിലെ കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയിറങ്ങി. ബുധനാഴ്ച രാത്രി ഇറങ്ങിയ കടുവ വളര്‍ത്തുമൃഗത്തെ കൊന്നു. പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെയാണ് കൊന്നത്. സമീപ പ്രദേശത്ത് നിന്ന് ഒരു ആടിനെ കാണാതായെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.

കുറുക്കന്‍ മൂലയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് സംഭവം. ഇതോടെ കടുവ കൊന്ന വളര്‍ത്തു മൃഗങ്ങളുടെ എണ്ണം പതിനാറായി ആയി. കാട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ജനവാസ മേഖലയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, കടുവയെ പിടികൂടുന്നതിനായുള്ള തീവ്രശ്രമം നടന്നുവരികയാണ്. ചൊവ്വാഴ്ച മുതല്‍ രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് കടുവയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നത്. പകല്‍വെളിച്ചത്തില്‍ കണ്ടെത്തിയാല്‍ മയക്കുവെടിവച്ച് പിടികൂടി ശുശ്രൂഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടിരുന്നു.

കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലാണ് കടുവ. മുയലിനെയും പന്നിയെയും കുടുക്കാന്‍ മനുഷ്യര്‍ ഒരുക്കിയ കുടുക്കില്‍ പെട്ടാണ് കടുവയ്ക്ക് ആഴത്തില്‍ മുറിവേറ്റതെന്ന് കരുതുന്നു.

എന്നാല്‍, കടുവ ജില്ലയിലെ ഡാറ്റാ ബേസില്‍ ഉള്‍പ്പെട്ടതല്ലെന്ന് സിസിഎഫ് പറയുന്നു. കുറുക്കന്‍മൂലയില്‍ എത്തിയ ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി .കെ. വിനോദ് കുമാര്‍ കടുവയുടെ ചിത്രങ്ങള്‍ ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button