ലണ്ടൻ: ഋഷി സുനാകിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നത് മുതൽക്ക് തന്നെ ഇന്ത്യൻ ബഹുരാഷ്ട്രകമ്പനിയായ ഇൻഫോസിസ് സഹസ്ഥാപകരായ നാരായണ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകളായ അക്ഷതയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രാഷ്ട്രീയ യാത്രയിൽ വിവാദങ്ങൾക്കൊപ്പമായിരുന്നു ഇരുവരുടേയും യാത്ര. 8 വർഷം മുൻപ് രാഷ്ട്രീയപ്രവേശനം, പടിപടിയായി വളർച്ച, രാജ്യത്തിന്റെ ധനകാര്യ മന്ത്രിയായിരിക്കെ രണ്ടു മാസം മുൻപ് പ്രധാനമന്ത്രിപദത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ലിസ് ട്രസിനോട് പരാജയം.
പിന്നാലെ ഋഷി സുനകിന് മന്ത്രിസ്ഥാനം നഷ്ടമായി. എന്നാൽ പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയായി. 50 ദിവസത്തിനുള്ളിൽ വീണ്ടും അധികാരം. അതാണ് ഋഷി സുനകിന്റെ കഥ. പ്രധാനമന്ത്രിമാർ വാഴാത്ത ബ്രിട്ടനിൽ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടന് ഋഷി സുനക് രക്ഷകനാകുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.
രാജ്യം നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക്. പ്രഖ്യാപനം വന്നതിനുശേഷം അദ്ദേഹം നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ”മുൻ പ്രധാനമന്ത്രി ലിസ് ട്രസ് ആത്മാർഥമായി പ്രവർത്തിച്ചു. അവർക്ക് താൻ ആദരവ് അർപ്പിക്കുകയാണ്. താൻ സ്‌നേഹിക്കുന്ന പാർട്ടിയേയും രാജ്യത്തേയും സേവിക്കാൻ അവസരം കിട്ടുന്നത് ജീവിതത്തിലെ വലിയ ഭാഗ്യമാണ്. യുകെ മഹത്തായ രാജ്യമാണ്. എന്നാൽ നമ്മൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. നമുക്ക് ഐക്യവും സുസ്ഥിരതയും ആവശ്യമാണ്. രാജ്യത്തെ ഒന്നിച്ചുനിർത്തണം. പ്രതിസന്ധികളെയെല്ലാം നമ്മൾ തരണം ചെയ്യും. നമ്മുടെ കുട്ടികൾക്ക് ശോഭനമായ ഭാവി കെട്ടിപ്പടുക്കേണ്ടതുണ്ട്. വിനയത്തോടെയും ആത്മാർഥതോടെയും പ്രവർത്തിക്കും”- ഋഷി സുനക് പറഞ്ഞു.
സുനാകിന്റെ രാഷ്ട്രീയ വളർച്ചക്കൊപ്പം തന്നെ വിവാദങ്ങളും വിട്ടൊഴിയാതെ പിന്തുടർന്നിരുന്നു. ഭാര്യ നികുതി അടക്കാത്തതും ചായക്കോപ്പയിലെ വിവാദങ്ങളും വൻ തോതിൽ ചർച്ചയാകുകയും ചെയ്തു. ഇന്ത്യൻ വംശജനായ സുനാക് 34 വർഷത്തെ ചരിത്രം തിരുത്തി ആദ്യമായി സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ഒരു മുഖ്യധാരാ രാഷ്ട്രീയക്കാരൻ കൂടിയാണ്. സൺഡെ ടൈംസിന്റെ കണക്ക് പ്രകാരം സുനാകിനും ഭാര്യ അക്ഷതയ്ക്കും 730 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന്റെ ആസ്ഥിയാണുള്ളത്. ബ്രിട്ടനിലെ ധനികരുടെ പട്ടികയിൽ 222-ാം സ്ഥാനമാണ് ഇവർക്ക്. നാരായണ മൂർത്തി സഹസ്ഥാപകനായ ഐ.ടി. കമ്പനി ഇൻഫോസിസിൽ അക്ഷതയ്ക്ക് 0.93 ശതമാനം ഓഹരി സ്വന്തം പേരിലുണ്ട്. 690 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് ഇതിന്റെ മൂല്യം.
ബ്രിട്ടനിൽ സ്ഥിരതാമസ പദവിയില്ലാത്ത അക്ഷത പുറത്തുനിന്നുള്ള വരുമാനത്തിന് നികുതി അടയ്ക്കുന്നില്ലെന്നത് അടുത്തിടെ വലിയ വിവാദമായിരുന്നു. അന്ന് ബോറിസ് ജോൺസന്റെ പിൻഗാമിയായി പ്രധാനമന്ത്രിപദത്തിലേക്ക് എത്താനുള്ള ഋഷി സുനാകിന്റെ സാധ്യതകളെ ഈ വിവാദം സാരമായിത്തന്നെ ബാധിച്ചു. ഇതേതുടർന്ന് എല്ലാ വരുമാനത്തിനും നികുതിയടക്കുമെന്ന് അക്ഷത വ്യക്തമാക്കി. ഋഷിയെ കാത്തുനിന്ന മാധ്യമപ്രവർത്തകർക്ക് അക്ഷത നൽകിയ ചായക്കപ്പുകളായിരുന്നു വിവാദത്തിന് തിരികൊളുത്തിയ മറ്റൊരു കാരണം.
ധനമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ വീട്ടിൽ കാണാനെത്തിയ മാധ്യമപ്രവർത്തകർക്ക് മുന്നിലേക്കാണ് ചായയും ബിസ്‌ക്കറ്റുമായി അക്ഷത എത്തിയത്. എന്നാൽ ഈ ചായകപ്പുകളിൽ ‘എമ്മ ലേസി’ എന്ന ബ്രാൻഡിന്റെ പേര് ഉണ്ടായിരുന്നു. ഈ ഓരോ കപ്പിനും 3624.53 രൂപയാണ് വില. അതായത് 38 പൗണ്ട്. ഇതോടെ അക്ഷതയ്ക്കും ട്രോളുകൾ പ്രത്യക്ഷപ്പെട്ടു. 38 പൗണ്ടു കൊണ്ട് ഒരു കുടുംബത്തിന് ഒരു ദിവസം ഭക്ഷണം കഴിക്കാമെന്നും അമിത നികുതിയും കുത്തനെ ഉയരുന്ന ജീവിതച്ചിലവും ബ്രിട്ടനെ ഞെരുക്കുമ്പോഴാണോ ഇത്തരം ആഡംബരം എന്നതും ട്രോളുകളുടെ വിഷയമായി. ഈ ചായ കൊടുക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വൻ തോതിൽ ചർച്ചയാകുകയും ചെയ്തു.
ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരനാണ് ഇന്ത്യൻ വംശജനായ ഋഷി സുനക്. പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പിന്നാലെ ഹൗസ് ഓഫ് കോമൺസ് നേതാവ് പെനി മോർഡന്റും പിന്മാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രി പദം ഉറപ്പിച്ചത്. എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ചതോടെ നൂറിലെറെ എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയ ഏക സ്ഥാനാർത്ഥിയെന്ന നിലയിലാണ് ഋഷി സുനക് പ്രധാനമന്ത്രി പദം ഉറപ്പാക്കിയത്.
പഞ്ചാബിൽ ജനിച്ച്, ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും തുടർന്നു ബ്രിട്ടനിലേക്കും കുടിയേറിയവരാണു ഋഷിയുടെ പൂർവികർ. ബ്രിട്ടനിൽ ജനിച്ച യശ്വീർ സുനകിന്റെയും ഉഷയുടെയും മൂത്തമകനായി 1980 മെയ് 12നു ഹാംഷറിലെ സതാംപ്റ്റണിലാണ് ഋഷി സുനകിന്റെ ജനനം. അച്ഛൻ ഡോക്ടറാണ്, അമ്മ ഫാർമസിസ്റ്റും. അമ്മയുടെ അച്ഛൻ മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ ബഹുമതി നേടിയിട്ടുണ്ട്.
ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് നേടി യുഎസിലെ സ്റ്റാൻഫഡ് ബിസിനസ് സ്‌കൂളിൽ എംബിഎയ്ക്കു പഠിക്കുമ്പോഴാണ് ഋഷി ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തിയുടെ മകൾ അക്ഷതയെ പരിചയപ്പെട്ടത്. സഹപാഠികളുടെ സൗഹൃദം തീവ്രപ്രണയമായി വളർന്നു. 2009 ഓഗസ്റ്റിൽ വിവാഹം. രണ്ടു മക്കൾ: കൃഷ്ണയും അനൗഷ്‌കയും.