27.8 C
Kottayam
Tuesday, May 28, 2024

കേന്ദ്രസർക്കാരിന് വൻ തിരിച്ചടി:ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി സുപ്രീം കോടതി 

Must read

ന്യൂ‍ഡൽഹി: ഇഡി ഡയറക്ടർ എസ്കെ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി. മൂന്നാം തവണയും കാലാവധി നീട്ടിയതിനെതിരെയായിരുന്നു ഹർജി. ഹർജിയിലെ വാദങ്ങൾ പരിഗണിച്ച കോടതി 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് നിർദ്ദേശം നൽകി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജൂലൈ 31 വരെ എസ്കെ മിശ്രയ്ക്ക് തുടരാം. സുപ്രീം കോടതി വിധിയുണ്ടായിട്ടും എസ്കെ മിശ്രയ്ക്ക് കാലാവധി നീട്ടി നൽകിയത് നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവത്തിൽ സുപ്രീം കോടതി വ്യക്തമാക്കി.

ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടുന്നതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയത്. 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് മിശ്ര. 2018 ലാണ് ഇഡി ഡയറക്ടറായി അദ്ദേഹത്തെ ആദ്യം നിയമിക്കുന്നത്. 2020 നവംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി. ശേഷം സെൻട്രൽ വിജിലൻസ് കമ്മീഷൻ ആക്ട് ഭേദഗതി ചെയ്ത് അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ഓർഡിനൻസും പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിക്ക് മുന്നിൽ ഹർജികളെത്തിയത്.

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതില്‍ കേന്ദ്രത്തിനെതിരെ വാദം കേട്ട ഘട്ടത്തിൽ തന്നെ രൂക്ഷവിമര്‍ശനം സുപ്രീംകോടതി ഉന്നയിച്ചിരുന്നു. ഈ പദവിയിലേക്ക് പരിഗണിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റില്‍ മറ്റ്  ഉദ്യോഗസ്ഥരില്ലേ, ഒരു പ്രധാനമന്ത്രി കൊല്ലപ്പെ‍ട്ടിട്ട് കൂടി മുന്‍പോട്ട് പോയ രാജ്യമാണിതെന്ന് ഓര്‍ക്കണം, അത്ര അനിവാര്യനായ ഉദ്യോഗസ്ഥനാണോ സഞ്ജയ് മിശ്ര, ഇഡിയെ നയിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള മറ്റ് ഉദ്യോഗസ്ഥരില്ലേ തുടങ്ങിയ വിമർശനവും കേന്ദ്രം കേസിൽ നേരിട്ടിരുന്നു. 

സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടിയതിൽ വ്യക്തിപരമായ ഒരു താല്‍പര്യവുമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഭീകരര്‍ക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ അവലോകന യോഗം ഉടന്‍ ചേരുകയാണ്. പത്ത് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന യോഗത്തില്‍  ഇതുവരെയുള്ള നടപടികള്‍ അവലോകനം ചെയ്യാന്‍ സഞ്‍യ്  മിശ്രയുടെ സേവനം ആവശ്യമാണെന്നും തുഷാര്‍ മേത്ത പറഞ്ഞിരുന്നു. എന്നാല്‍  അക്കാര്യം വിലയിരുത്താന്‍ കഴിവും അര്‍ഹതയുമുള്ള മറ്റാരുമില്ലേയെന്ന് കോടതി വീണ്ടും ചോദിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week