ഡല്‍ഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷ. ‘താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നു’ പിടി ഉഷ പറഞ്ഞു.
എന്നാല്‍ പി.ടി. ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മറുപടി നല്‍കി. അവരില്‍ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്ന് പുനിയ പറഞ്ഞു.
ഗുസ്തി അസോസിയേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനും തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാനുമായി താല്‍ക്കാലിക സമിതിയെ ഐ.ഒ.എ. നിയോഗിച്ചു. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനാകുന്ന സമിതിയില്‍ മുന്‍ ഷൂട്ടിംഗ് താരം സുമ ഷിരൂര്‍, വുഷു അസോസിയേഷന്‍ അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ബജ്വ എന്നിവര്‍ അംഗങ്ങളാകും.
സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് ഗുസ്തി ഫിസിയോയും രംഗത്ത് വന്നു. 2014-ല്‍ ലഖ്നൗവില്‍ നടന്ന ക്യാംപില്‍ വെച്ച് മൂന്ന് ജൂനിയര്‍ താരങ്ങള്‍ ബ്രിജ് ഭൂഷണെതിരേ തന്നോട് കാര്യങ്ങള്‍ വിശദീകരിച്ചുവെന്ന് ഫിസിയോ പരജീത് മല്ലിക് പറഞ്ഞു. രാത്രിയില്‍ ബ്രിജ് ഭൂഷണെ കാണാന്‍ ജൂനിയര്‍ താരങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം അന്ന് തന്നെ വനിതാ കോച്ച് കുല്‍ദീപ് മാലിക്കിനെ അറിയിച്ചുവെന്നും പിന്നീട് കായിക മന്ത്രാലയത്തിന്റെ മേല്‍നോട്ട സമിതിയ്ക്ക് മുന്നില്‍ വിശദീകരിച്ചുവെന്നും പരജീത് മല്ലിക് വ്യക്തമാക്കി.
ഗുസ്തി താരങ്ങള്‍ ജന്ദര്‍ മന്തറില്‍ നടത്തുന്ന സമരം അഞ്ച് ദിനം പിന്നിടുകയാണ്. സമരത്തിന് ഐക്യദാർഢ്യവുമായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു. പി.കെ ശ്രീമതി ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരുമാണ് കസ്റ്റഡിയിലായത്.
താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ., ജനാധിപത്യ മഹിളാ അസോസിയേഷന്‍ തുടങ്ങിയ ഇടത് സംഘടനാ നേതാക്കള്‍ സമരപ്പന്തലില്‍ എത്തി. ആരോപണം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് ആവര്‍ത്തിച്ച് ബി.ജെ.പി. എം.പി. ബ്രിജ് ഭൂഷണ്‍ സിംഗ് രംഗത്ത് വന്നു.