CrimeKeralaNews

മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ മരിച്ച നിലയിൽ കണ്ടെത്തി

മൂലമറ്റം: ആദിവാസികളായ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീട്ടിന് സമീപമുള്ള തോട്ടിൻ കരയിലെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. 36കാരനായ അജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾ മാതാപിതാക്കളായ ചേറാടി കീരിയാനിക്കൽ കുമാരൻ (70),​ ഭാര്യ തങ്കമ്മ (65) എന്നിവരെ കൊലപ്പെടുത്തിയത്.

നേരത്തെ തടിപ്പണിക്കാരനായിരുന്ന കുമാരൻ മാസങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ കണ്ണിന് തകരാർ സംഭവിച്ചതോടെ ഭാര്യ തങ്കമ്മയ്ക്കൊപ്പം തൊഴിലുറപ്പ് ജോലി ചെയ്താണ് ജീവിച്ചിരുന്നത്. ഇന്നലെ രാവിലെ ദമ്പതികൾ തൊഴിലുറപ്പ് ജോലിയ്ക്ക് ചെല്ലാതിരുന്നതിനെ തുടർന്ന് കുമാരന്റെ സഹോദരി കമലാക്ഷി വീട്ടിൽ അന്വേഷിച്ചെത്തിയിരുന്നു. കമലാക്ഷി പുറത്തുനിന്ന് ഇവരെ വിളിച്ചപ്പോൾ വീടിനകത്ത് നിന്ന് ഞരക്കവും മൂളലും കേട്ടു. വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് ചെന്ന് നോക്കിയപ്പോഴാണ് തറയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന തങ്കമ്മയെ കണ്ടത്. തങ്കമ്മ കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം കൊടുത്തതിന് ശേഷം കമലാക്ഷി സുഹൃത്തും പൊതുപ്രവർത്തകയുമായ ആലീസിനെ വിളിച്ചുവരുത്തി.

ഇരുവരും മുറിക്കുള്ളിൽ കയറി നോക്കിയപ്പോഴാണ് കുമാരൻ കട്ടിലിൽ മരിച്ചനിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അയൽവാസികളെയും കാഞ്ഞാർ പൊലീസിനേയും വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ സംഭവം നടന്നത് രാത്രിയിലാണെന്ന് കണ്ടെത്തി. ഗുരുതര പരിക്കേറ്ര തങ്കമ്മയെയും കുമാരന്റെ മൃതദേഹവും ഫയർഫോഴ്സിന്റെ ആംബുലൻസിൽ ആദ്യം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം തങ്കമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു.

കുടുംബവഴക്കിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്ത് ആയുധമാണ് അജേഷ് ഉപയോഗിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. കൊലപാതകം നടന്ന വീടിന് 200 മീറ്റർ ചുറ്റളവിൽ മറ്റ് വീടുകളില്ല. ഇരുവരുടേയും തലയ്ക്കാണ് വെട്ടേറ്റത്. അജേഷിനെ പിടികൂടി കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.

കുറച്ചു ദിവസങ്ങളായി ഇവരുടെ വീട്ടിൽ വഴക്കുണ്ടായിരുന്നു. മാനസിക നില തെറ്റിയപോലെയായിരുന്നു അജേഷിന്റെ പെരുമാറ്റം. അയൽവാസികളോട് വീട്ടിൽ കയറരുതെന്നും കയറിയാൽ കൊല്ലുമെന്നും അജേഷ് ഭീഷണിപ്പെടുത്തിയിരുന്നതായി സമീപവാസികൾ പറഞ്ഞു. അജേഷ് പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീട് ഭാര്യവീടായ കുമളിയിലും മൂലമറ്റത്തെ സ്വന്തം വീട്ടിലുമായാണ് ഏറെ നാളായി അജേഷ് താമസിച്ചത്. ഇയാൾക്ക് നാല് വയസുള്ള കുട്ടിയുണ്ട്. അറക്കുളത്തുള്ള ഡെക്കറേഷൻ സ്ഥാപനത്തിൽ പന്തൽ പണിക്കാരനായിരുന്നു അജേഷ്.

കുറച്ച് ദിവസങ്ങളായി പുളിയന്മലയിലായിരുന്നു ജോലി. കുമളിയിലെ ഭാര്യ വീട്ടിൽ നിന്നായിരുന്നു ഇയാൾ ജോലിയ്ക്ക് പോയിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇയാൾ മൂലമറ്റത്തെ വീട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലേക്ക് വരുംവഴി ബൈക്കിൽ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ ബന്ധുവാണ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വീട്ടിലെത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button